കോഴിക്കോട്: ഉറക്കമില്ലാത്ത രാത്രിയായിരുന്നുന്നരണ്ട് ജില്ലകള്‍ക്ക്. കരിപ്പൂരില്‍ വിമാന അപകടമുണ്ടായെന്ന വാര്‍ത്ത കേട്ടയുടനെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. കൊവിഡ് ഭീതിയും കനത്തമഴയും വകവെക്കാതെയാണ് പരിക്കേറ്റവര്‍ക്ക് എത്രയും നേരത്തെ ചികിത്സ ലഭ്യമാക്കാന്‍ അവര്‍ തയാറായത്.
വിമാനത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട് നഗരത്തിലേതുള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. മലപ്പുറം, മഞ്ചേരി, രാമനാട്ടുകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗമേറി. രണ്ട് ജില്ലാ കളക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും സന്ദേശങ്ങള്‍ വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ കണ്ടാണ് പലരും ആംബുലന്‍സും വാഹനങ്ങളുമായി എത്തിയത്.
ക്വാറന്റൈനില്‍ പോകണമെന്നുറപ്പിച്ച് മുന്നിട്ടിറങ്ങിയവരില്‍ പ്രദേശവാസിയായ ജുനൈദ് മുതല്‍ വാഴയൂര്‍ കക്കോവ് വട്ടഞ്ചേരി വി. ജ്യോതിഷ് വരെയുള്ളവര്‍. നിലവിളികേട്ടാണ് ജുനൈദ് ഓടിയെത്തിയത്. അപകടമേല്‍ക്കാത്തവര്‍ അപ്പോഴും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂവെന്ന് ജുനൈദ് പറയുന്നു.
സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ പകരം ഡ്രൈവറാകാന്‍ ജ്യോതിഷ് തയാറാകുകയായിരുന്നു. ആംബുലന്‍സ് നേരെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലേക്ക് വിടാനാണ് പോലീസ് നിര്‍ദേശിച്ചത്. അവിടെ എത്തിയപ്പോള്‍ തന്നെ ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷാപ്രവര്‍ത്തകരായ രണ്ടു പേര് ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി. അവിടെ നിന്ന് നേരെ കോഴിക്കോട്ടെ ആസ്റ്റര്‍ മിംസിലേക്കാണ് എത്തിച്ചത്. വീട്ടിലുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ജ്യോതിഷ്. ആര്‍എസ്എസ് കൊണ്ടോട്ടി താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആണ് ജ്യോതിഷ്.
മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയ്ക്ക് പുറമേ നഗരത്തിലെ സ്വകാര്യ ആശുപത്രികളും അപകടത്തില്‍പെട്ടവരുടെ ചികിത്സയ്ക്കായി സജ്ജമാക്കി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി രക്തം ലഭ്യമാക്കാന്‍ കൊവിഡ് ഭീതി മാറ്റി നിര്‍ത്തിയാണ് യുവാക്കള്‍ രക്തം നല്‍കാനായി എത്തിയത്.
സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍, മെയ്ത്ര എന്നീ ആശുപത്രികളില്‍ ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു. 35 പേര് രക്തദാനവും നടത്തി. സിഎച്ച് സെന്റര്‍, ഇഎംഎസ് ചാരിറ്റബിള്‍ സെന്റര്‍, ഐഎസ്എം തുടങ്ങിയ സംഘടനകളും സജീവമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: