കൊച്ചി: കരിപ്പൂര്‍ അപകടത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നറിയാന്‍ ബ്ലാക്ബോക്സും വോയിസ് റിക്കാര്‍ഡും പരിശോധിക്കണം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്, പലവട്ടം ആവര്‍ത്തിച്ചിട്ടും റണ്‍വേയുടെ പിഴവ് മാറ്റാത്തതാണ് അപകടകാരണങ്ങളില്‍ പ്രധാനം. കരിപ്പൂരിലും വിമാനം ഇറക്കിയിട്ടുള്ള, എയര്‍ ഇന്ത്യയുടെതന്നെ ഒരു മുതിര്‍ന്ന പൈലറ്റ് പറയുന്നു, അദ്ദേഹമുള്‍പ്പെടെ റണ്‍വേയുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കരിപ്പൂരില്‍ മഴമൂലം നടന്നത് അക്വാ പ്ലാനിങ് പ്രകാരമുള്ള ലാന്‍ഡിങ് ആയിരുന്നു.
കരിപ്പൂരിലെ റണ്‍വേയുടെ റേസാ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) അപര്യാപ്തമാണ്. തുടക്കവും ഒടുക്കവും സുരക്ഷാ സംവിധാനമായി വിമാനത്തിന് വേണ്ടിവന്നാല്‍ ഓടാന്‍ പാകത്തില്‍ റണ്‍വേ വേണം. അതാണ് അന്താരാഷ്ട്ര മാനദണ്ഡം. പക്ഷേ, കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയുടെ പോരായ്മകള്‍ ഏറെയാണ്. റണ്‍വേയുടെ ഒടുക്കം കഴിഞ്ഞാല്‍ പിന്നെ അഗാധമായ പ്രദേശമാണ്. വേണ്ടിവന്നാല്‍ റണ്‍വേ കടന്ന് വിമാനം നിര്‍ത്താന്‍ സൗകര്യമില്ല. റണ്‍വേയുടെ ഒടുവിലെ ഭാഗത്തെ റബ്ബര്‍ ഘടകത്തിന്റെ വന്‍തോതിലുള്ള നിക്ഷേപമാണ് മറ്റൊരു പ്രശ്നം. റണ്‍വേയുടെ നിര്‍മാണത്തില്‍ റബ്ബര്‍ ഒരു ഘടകമാണ്. അത് കാലങ്ങളായി അടിഞ്ഞുകൂടിയതാണ് അവിടുത്തെ പ്രശ്നം. ഇത് ലാന്‍ഡിങ്ങിന്റെ കൃത്യത കുറയ്ക്കും.
ഇനിയും കൃത്യമായ വിവരം കിട്ടിയിട്ടില്ല. പക്ഷേ മൂന്നു കാരണങ്ങള്‍ ഈ അപകടത്തിന് സാധ്യതയായി പരിഗണിക്കണം. പൈലറ്റിന് പരിചയമില്ല, ടേബിള്‍ ടോപ് റണ്‍വേയാണ് പ്രശ്നം തുടങ്ങിയ വാര്‍ത്തകള്‍ അബദ്ധമാണ്. പരിചയവും പരിശീലനവും ഇല്ലാതെ ഒരു പൈലറ്റിനേയും നിയോഗിക്കില്ല. പിന്നെ യന്ത്രവും മനുഷ്യനുമാണ്. മഴക്കാലത്ത് ലാന്‍ഡിങ്ങിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരാണ് പൈലറ്റുകള്‍. പൈലറ്റ് സേഥ് മറ്റൊരു ടേബിള്‍ ടോപ് വിമാനത്താവളത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും വിവരിച്ച മുതിര്‍ന്ന എയര്‍ ഇന്ത്യ പൈലറ്റ് ഇങ്ങനെ വിശദീകരിച്ചു: റണ്‍വേ കാഴ്ച പ്രധാനമാണ്. മഴക്കാലത്ത് 1500 അടി ദൂരത്തെങ്കിലും കാഴ്ച കിട്ടണം. പക്ഷേ, മുംബൈ പോലുള്ള വിമാനത്താവളങ്ങളില്‍ കനത്ത മഴയില്‍ 500 അടിക്കാഴ്ചയില് വിമാനമിറക്കാറുണ്ട്. ദുബായ് വിമാനമിറക്കാന്‍ ആദ്യം തടസം വന്നപ്പോള്‍ എതിര് ദിശയില്‍ പറന്നാണ് മറ്റൊരു റണ്‍വേയില്‍ ഇറങ്ങിയത്. സാധാരണ കാറ്റിന് എതിരേയാണ് ലാന്‍ഡിങ്. എന്നാല്‍, എതിര്ദിശയിലിറങ്ങിയപ്പോള് കാറ്റ് അനുകൂലമായി. അത് ഒരു കാരണമാകാം. തീരെ അനുകൂലമല്ലാത്ത കാലാവസ്ഥ, പിപിടി കിറ്റും മറ്റും ധരിച്ചുകൊണ്ടുള്ള വിമാന നിയന്ത്രണം, റണ്‍വേ പ്രശ്നം തുടങ്ങിയവയെല്ലാം ചേര്‍ന്നാവും അപകടമുണ്ടാക്കിയത്, അദ്ദേഹം പറഞ്ഞു.
മഴക്കാലത്തെ ലാന്‍ഡിങ് പ്രത്യേക തരത്തിലാണ്. അത് അക്വാ പ്ലാനിങ് പ്രകാരമാണ്. ഹൈഡ്രോ പ്ലാനിങ് എന്നും പറയും. അതായത് റണ്‍വേയില്‍ വെള്ളമുണ്ടെങ്കിലാണ് ഈ രീതി സ്വീകരിക്കുന്നത്. അത്തരം വേളകളില്‍ വിമാനത്തിന്റെ ടയറും റണ്‍വേയും തമ്മില്‍ ആദ്യം സമ്പര്‍ക്കമുണ്ടാകില്ല, പകരം വെള്ളത്തിലായിരിക്കും ആദ്യ സ്പര്‍ശം. ആ വെള്ളത്തിന്റെ അളവ് പൈലറ്റിന് കണക്കാക്കാന്‍ കഴിയില്ല. എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) റൂമാണ് അളവു പറയേണ്ടത്. പക്ഷേ, അവരുടെ അളക്കല്‍ കൃത്യമായിരിക്കണമെന്നില്ല എല്ലായ്പ്പോഴും. അപ്പോള്‍ തൊട്ടുമുമ്പിറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിങ് വിശദാംശങ്ങളാണ് പൈലറ്റിനെ ധരിപ്പിക്കുക. അക്വാ പ്ലാനിങ്ങില്‍ പൈലറ്റിന് അതിവേഗം വിമാന ഓട്ടം നിര്‍ത്താനാവില്ല. ഇതും അപകട കാരണമായിരിക്കാം. പക്ഷേ, എല്ലാം ഔദ്യോഗികമായും കൃത്യമായും അറിയാന്‍ ബ്ലാക് ബോക്സിന്റെയും വോയിസ് റിക്കാര്‍ഡിന്റെയും വിശകലനം കഴിയണം, പൈലറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: