കൊട്ടാരക്കര: കഴിഞ്ഞദിവസം രാത്രിയും പകലുമായി പെയ്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും വ്യാപക നാശനഷ്ടം. രാത്രിയില്‍ തൃക്കണ്ണമംഗലില്‍ റോഡിനു കുറുകെ വന്മരം പിഴുതു വീണു. അഗ്നിശമന സേനാഗംങ്ങള്‍ എത്തി മരം മുറിച്ച് മാര്‍ഗതടസ്സം മാറ്റി.
ഗാന്ധിനഗറില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതപോസ്റ്റുകളും ലൈനുകളും തകര്‍ന്നു. തൃക്കണ്ണമംഗലില്‍ തട്ടം ഭാഗത്തു ശക്തമായ കാറ്റില്‍ അയണിമൂട്ടില്‍ ഷാജിയുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ വീട്ടില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം. മൈലം ശ്രീനാഥ് ഭവനത്തില്‍ ശ്രീകുമാറിന്റെ വീടിനു മുകളില്‍ മൂന്നോളം മരങ്ങള്‍ വീണ് വീട് പൂര്‍ണമായി നശിച്ചു. നാട്ടുകാരുടെ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കുഞ്ഞുങ്ങളുമായി ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. തകര്‍ന്ന വീട് സന്ദര്‍ശിച്ച് അധികൃതര്‍ നാശനഷ്ടം വിലയിരുത്തി.
ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വാര്‍ഡ് മെമ്പര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ചെങ്ങമനാട് വലിയവീട്ടില്‍ വീടിനുമുകളില്‍ മരം വീണു വീട്ടമ്മ ഗ്രേസിക്ക് പരിക്കേറ്റു. പുത്തൂര്‍ റോഡില്‍ റെയില്‍വേ പാലത്തിന്റെ സമീപം സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ട്രാഫിക് സിഗ്നല്‍ ലൈറ്റും കാറ്റില്‍ നിലംപതിച്ചു. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും കൊട്ടാരക്കര ഡിവിഷനിലെ വൈദ്യുതിബന്ധം താറുമായി. ഇലക്ട്രിസിറ്റി ബോര്‍ഡ് കൊട്ടാരക്കര ഡിവിഷന് പരിധിയിലുള്ള കൊട്ടാരക്കര, കൊട്ടാരക്കര ഈസ്റ്റ്, പുത്തൂര്‍, ചെങ്ങമനാട്, പട്ടാഴി, കുളക്കട, വാളകം, ആയൂര്‍, ചടയമംഗലം സെക്ഷനുകളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ബോര്ഡിനുണ്ടായിരിക്കുന്നതു. 150 ഓളം എല്‍ടി പോസ്റ്റുകളും 17 എച്ച്ടി പോസ്റ്റുകള്‍ ഒടിയുകയും 333 സ്ഥലങ്ങളില്‍ എല്‍ടി, എച്ച്ടി ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തതായി കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
പത്തനാപുരത്ത് പതിനാല് വീടുകള്‍ തകര്‍ന്നു
വീശിയടിച്ച ശക്തമായ കാറ്റില്‍ വിളക്കുടി, പിറവന്തൂര്‍, പട്ടാഴി, പിടവൂര്‍ തലവൂര്‍, പത്തനാപുരം വില്ലേജുകളിലായി പതിനാല് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീടുകള്‍ക്ക് മുകളിലേക്ക് കടപുഴകിയാണ് നാശം സംഭവിച്ചത്. തലവൂര്‍, പിടവൂര്‍ വില്ലേജുകളിലായി ഏഴ് വീടുകളും വിളക്കുടിയില്‍ മൂന്നുവീടും പട്ടാഴിയില്‍ ഒന്നും പിറവന്തൂരില്‍ രണ്ടു വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. വിളക്കുടി കുളപ്പുറം മണ്ണാന്റഴികത്ത് വീട്ടില്‍ നൂറുദീന്‍ കുഞ്ഞിന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് തേക്കുമരം കടപുഴകി വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. മറ്റ് രണ്ടു വീടുകള്‍ക്ക് കൂടി നാശമുണ്ട്. പിടവൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ചിറ്റാശ്ശേരി പ്ലാന്തുണ്ടില്‍ സജിയുടെ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ചിറ്റാശ്ശേരി അരുണ്‍ മന്ദിരത്തില്‍ ലേഖയുടെ വീടിന് സമീപത്തേക്ക് മരം വീണെങ്കിലും വീട്ടുകാര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓടും ഷീറ്റും മേഞ്ഞ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് പത്തനാപുരം തഹസീല്‍ദാര്‍ കെ.എസ്. നസിയ അറിയിച്ചു. കൂടാതെ നിരവധി വൈദ്യുത പോസ്റ്റുകളും മരങ്ങള്‍ വീണ് തകര്‍ന്നു. ഇതോടെ പട്ടാഴി, തലവൂര്‍, വിളക്കുടി മേഖലകളിലെ വൈദ്യുത, വാര്‍ത്താ വിനിമയ ബന്ധവും താറുമാറായി.
ആലപ്പാട്ട് കടല്‍കയറ്റം രൂക്ഷം, നിരവധി വീടുകളില്‍ വെള്ളം കയറി, എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു
ആലപ്പാട് പഞ്ചായത്തിലെ പണിക്കര്‍ കടവ് മുതല്‍ ചെറിയഴീക്കല്‍ വരെ ഉള്ള തീരദേശത്ത് ഇന്നലെ ഉണ്ടായ രൂക്ഷമായ കടല്‍കയറ്റത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കടല്‍ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ശക്തമായ തിരമാലകള്‍ ഇടിച്ചു കയറി പല വീടുകള്‍ക്കും കേടുപാടു സംഭവിച്ചു. ഒരു വീടിന്റെ മതിലു തകര്‍ന്നു.
കടല്‍ഭിത്തി നിര്‍മിച്ചിട്ട് 35 വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതുമൂലം ഭൂനിരപ്പില്‍ നിന്നും മീറ്ററുകള്‍ താഴ്ചയിലാണ് കിടക്കുന്നത്. തീരദേശം കടലെടുത്ത് കായലും കടലും തമ്മില്‍ ഇപ്പോ മീറ്ററുകളുടെ വ്യത്യാസമേ ഉള്ളൂ. ഇതിന് പ്രതിവിധിയായി പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യം മാറിമാറി വരുന്ന ജനപ്രതിനിധികള്‍ തിരസ്കരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അധികൃതരുടെ തീരദേശവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പണിക്കര്‍ കടവ് പാലം ഉപരോധിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ സ്ഥലം എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. താലൂക്ക് ഓഫീസില്‍ എത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് അടിയന്തരമായി ബാഗുകളില്‍ മണ്ണുനിറച്ച് കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ ധാരണയായെന്ന് പഞ്ചായത്തംഗം രാംകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: