തിരുവനന്തപുരം: കോടിക്കണക്കിന് രാമഭക്തരുടെ ജന്മസാഫ്യല്യത്തിന് അയോധ്യയില്‍ ഇന്ന് ശിലപാകുമ്പോള്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം ആശ്രമം മഠാധിപതിയായിരിക്കെ സമാധിയടഞ്ഞ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമര്‍പ്പണം ഒട്ടും ചെറുതല്ല.
ദക്ഷിണ ഭാരതത്തില്‍ നിന്നും സംന്യാസി സമൂഹത്തെ അയോധ്യയിലേക്ക് നയിക്കാനുള്ള ദൗത്യത്തിന്റെ അമരക്കാരന് സ്വാമി സത്യാനന്ദ സരസ്വതി ആയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ എക്സിക്യൂട്ടീവ് അംഗവും മാര്‍ഗ്ഗ ദര്ശന് മണ്ഡലത്തിന്റെ ദക്ഷിണ ഭാരതത്തിന്റെ ചുമതലയും സ്വാമി സത്യാനന്ദ സരസ്വതിക്കായിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമൂഹത്തെ ബോധവത്ക്കരിക്കേണ്ട ചുമതല സംന്യാസി സമൂഹം ഏറ്റെടുക്കണമെന്ന രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ തീരുമാനം തന്റെ കര്‍മ്മസാഫല്യം പോലെ സ്വാമി സത്യാനന്ദ സരസ്വതി ഏറ്റെടുത്തു. സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങി രാമക്ഷേത്ര നിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണം സ്വാമിമാര്‍ നടത്തണമെന്നായിരുന്നു രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ തീരുമാനം. ഇതനുസരിച്ച് സ്വാമി സത്യാനന്ദ സരസ്വതി ദക്ഷിണ കേരളത്തിലെ മഠങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സംന്യാസി സമൂഹം ചെയ്യേണ്ടുന്നതിനെക്കുറിച്ചും സമൂഹത്തിലേക്ക് ഇറങ്ങേണ്ടതിനെക്കുറിച്ചും വിവരിച്ചു. സ്വാമിയുടെ സന്ദര്‍ശനം ലക്ഷ്യസ്ഥാനത്ത് എത്തി. ഇതനുസരിച്ച് ദക്ഷിണ ഭാരതത്തിലെ നിരവധി പ്രദേശങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചും കര്സേവയെക്കുറിച്ചുമുള്ള ബോധവത്ക്കരണവുമായി മഠാധിപതികള്‍ രംഗത്ത് ഇറങ്ങി. ഇതോടെ ക്ഷേത്ര നിര്‍മ്മാണത്തിന് എതിരഭിപ്രായം പറഞ്ഞിരുന്നവരും അനുകൂല നിലപാടുമായി എത്തി. ഇതിലൂടെ ക്ഷേത്ര നിര്‍മാണം എന്റെയും ആവശ്യമാണ് എന്ന നിലപാടുമായി ലക്ഷക്കണക്കിന് പേര് രാമക്ഷേത്ര നിര്‍മാണത്തിനായി അണിചേരുകയായിരുന്നു. പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്നും നയിച്ചു. കര്‍സേവയില്‍ സംന്യാസി സമൂഹവും അണിചേര്‍ന്നു.
ക്ഷേത്ര നിര്‍മാണം കേസുകളെ തുടര്‍ന്ന് വൈകിയപ്പോഴും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കാണാനുള്ള സംഘത്തിലും സ്വാമി സത്യാനന്ദ സരസ്വതിയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: