കൊല്ലം: കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും നടത്തിയ മുഴുവന്‍ സാമ്പത്തിക തട്ടിപ്പുകേസുകളിലും പ്രതികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കര്‍ശനനടപടി സ്വീകരിക്കണമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി റ്റി.എന്‍. രമേശും ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, പ്രളയഫണ്ട് തട്ടിപ്പ്, ആദിവാസി ക്ഷേമ ഫണ്ട് തട്ടിപ്പ്, ട്രഷറി സേവിങ്ങ്സ് നിക്ഷേപങ്ങളുടെ പലിശ തട്ടിപ്പ് എന്ന് തുടങ്ങി കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സര്‍വ്വ തട്ടിപ്പു കേസ്സുകളിലും പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാനസര്‍ക്കാരും ഭരണാനുകൂല ഇടത് സര്‍വ്വീസ് സംഘടനകളുമാണെന്ന് അവര്‍ ആരോപിച്ചു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ്. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെയടക്കം മുഴുവന്‍ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് തെളിവു നശിപ്പിക്കാനാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചാല്‍ വന്‍ തട്ടിപ്പ് പുറത്ത് വരുമെന്ന് ട്രഷറി ഡയറക്ടറും ധനമന്ത്രിയും ഭയക്കുന്നു.
വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നിരിക്കുന്നത് രണ്ട് കോടിയുടെ തട്ടിപ്പ് മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ ട്രഷറി ഡയറക്ടറും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന വന്‍ ഗൂഢാലോചനയാണ്. ജൂലൈ 27ന് ബിജുലാല്‍ ആറ് കോടി രൂപ ട്രഷറി അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചതിന് ട്രഷറി രേഖകളില്‍ വ്യക്തമായ തെളിവുണ്ട് എന്നിരിക്കെ പ്രതിയെ സംരക്ഷിക്കാന്‍ ധനവകുപ്പ് ശ്രമിച്ചതിന് പിന്നില്‍ വന്‍ സാമ്പത്തിക-രാഷ്ട്രിയ താല്പര്യങ്ങളുണ്ട്.
കഴിഞ്ഞ 17ന് 60,000 രൂപ ട്രഷറിയില്‍ നിന്നും ബിജുലാല്‍ നേരിട്ട് ക്യാഷ് മോഷ്ടിച്ചപ്പോള്‍ അന്ന് പ്രതിയെ സംരക്ഷിച്ചത് യൂണിയന് നേതാക്കളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസിലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലും ജില്ലാ-സംസ്ഥാനതല ഓഫീസുകളിലും കീ പോസ്റ്റുകളിലിരിക്കുന്നത് ഭരണാനുകൂല സംഘടനകളില്‍ പെട്ടവരാണെന്നും ഇത്തരക്കാര്‍ നടത്തുന്ന സാമ്പത്തികതട്ടിപ്പുകള്‍ സിവില്‍ സര്‍വ്വീസിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും അവര്‍ ആരോപിച്ചു. യൂണിയന് നേതാക്കളുടെ മുന്നില്‍ ഭയന്ന് വിറച്ച് നില്ക്കുന്നവരായി സംസ്ഥാനത്തെ വകുപ്പ് അധ്യക്ഷന്മാര് മാറിയെന്നും മറ്റ് സംഘടനകളില്‍പ്പെട്ട കഴിവുറ്റ സത്യസന്ധരായ ജീവനക്കാരെ അകാരണമായി നിയമവിരുദ്ധമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മന്ത്രി മന്ദിരങ്ങളും വകുപ്പുതല ഡയറക്ടറേറ്റുകളും മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: