വര്‍ക്കല: ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്കില്‍ ഗുരുദേവഭക്തര്‍ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പൊളിച്ചു നീക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലന് പറഞ്ഞു. വര്‍ഷങ്ങളായി ശ്രീനാരായണീയര്‍ വിളക്ക് കത്തിച്ച് ആരാധിക്കുന്ന ഗുരുവിന്റെ പ്രതിമ ഭക്തരുടെ വികാരം മാനിക്കാതെ എടുത്തുമാറ്റാനുള്ള നീക്കം ഇതിനുമുമ്പും നടന്നിട്ടുണ്ട്.
ഗുരുമന്ദിരം പൊളിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പിന്നാലെ സിപിഎം ഭരണസമിതിയുള്ള പഞ്ചായത്തില്‍ ദിവസങ്ങള്‍ക്കകം ഗുരുമന്ദിരം ഇടിച്ചുനിരത്തിയതും ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രീനാരായണ ഗുരുവിന്റെ കഴുത്തില്‍ കയറിയിട്ട് ചലിക്കുന്ന കെട്ടുകാഴ്ചയാക്കി നാട്ടുകാരെ പ്രദര്‍ശിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സിപിഎം വരും കാലങ്ങളില്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കലയില്‍ ഇതിന് മുമ്പ് വട്ടപ്ലാമൂട്ടിലും ഇരുട്ടിന്റെ മറവില്‍ ഗുരുദേവന്റെ പ്രതിമ അക്രമിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനാണ് സിപിഎം നിര്‍ദേശമെങ്കില്‍ വഴിയരുകില്‍ സിപിഎം പ്രതിഷ്ഠിച്ചിട്ടുള്ള കൃഷ്ണപിള്ളയും എകെജിയും തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ രക്തസാക്ഷി മണ്ഡപങ്ങളും ആദ്യം പൊളിച്ചുനീക്കി മാതൃകയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് ഗുരുമന്ദിരം പൊളിച്ചാല്‍ ജനം പ്രതികരിക്കില്ലെന്നാണ് സിപിഎം കരുതുന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ചെമ്മരുതിയില്‍ കലാപം സൃഷ്ടിക്കാനുള്ള പുറപ്പാടാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നോക്കുന്നതെങ്കില്‍ ജനം കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: