അഞ്ചു പതിറ്റാണ്ടായി ഭാരതത്തിലെ സംസ്കൃത പ്രേമികള്‍ ശ്രാവണപൂര്ണിമാ ദിനം സംസ്കൃത ദിനമായി ആചരിച്ചുവരുന്നു. പിന്നീട് സംസ്കൃതം ദേശീയ ഐക്യത്തിന് എന്ന വാക്യം ഈ ദിനത്തിന്റെ മുദ്രയായി ഭാരത സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി. വര്‍ഷങ്ങളായി ഇപ്പോള്‍ സംസ്കൃത സപ്താഹ മായാണ് ഈ ആചരണം സംഘടിപ്പിച്ചു വരുന്നത്. ഈ വര്‍ഷമിത് ജൂലൈ 31 മുതല്‍ ആഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിലാണ്.
നിര്‍ജ്ജീവം, കഠിനം, മതപരം എന്നൊക്കെ പരാമര്‍ശിക്കപ്പെട്ടു പോന്ന ഈ ‘അമൃതഭാഷ’യുടെ പ്രാധാന്യവും പ്രസക്തിയും പരക്കെ ബോധ്യപ്പെടുത്തുന്നതിനും, സംസ്കൃതഭാഷാപഠനത്തിലൂടെ പൗരാണികവും ആധുനികവുമായ അറിവുകളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.
സംസ്കൃതം ഒരു വ്യവഹാര ഭാഷയാവണമെന്നാഗ്രഹിച്ച് അതിനു സഹായകമായ പഠനരീതി നടപ്പിലാക്കിയ ‘ഗുരുനാഥന്’ പുന്നശ്ശേരി നീലകണ്ഠശര്‍മ, നമ്പിയുടെ അതേ മാതൃക പിന്തുടര്ന്ന് കേരളത്തിന്റെ നാനാഭാഗത്തു നിന്നും ശിഷ്യരെ ആകര്‍ഷിച്ച് ലളിതമായ ശൈലിയില്‍ സംസ്കൃതം പഠിപ്പിച്ച് ശിഷ്യ – പ്രശിഷ്യരുടെ സുദീര്‍ഘ പരമ്പര സൃഷ്ടിച്ച സംസ്കൃതപ്രണയ ഭാജനം പി.ടി.കുര്യാക്കോസ് മാഷ്, സംസ്കൃതപഠന-പാഠനത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതരത്നം പ്രൊഫ. കെ.പി.നാരായണ പിഷാരോടി, സരള സംസ്കൃത ക്ലാസ്സുകള്‍ ജനകീയമാക്കിയ വി.കൃഷ്ണശര്‍മ, സംസ്കൃത പഠനത്തിന് ആകര്‍ഷക മാര്‍ഗം കണ്ടെത്തിയ ഇ.പി.ഭരത പിഷാരോടി, ജി.വിശ്വനാഥ ശര്‍മ്മ തുടങ്ങിയവരും, പ്രാചീന ഗുരുകുലങ്ങളും മഹാവിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും മറ്റും ഇവിടെ വഴിവിളക്കുകളായി തെളിഞ്ഞു നില്ക്കുന്നു.
ആഗമാനനന്ദ സ്വാമികള്‍ ഇങ്ങനെ പറയുകയുണ്ടായി: ”ഭാരതത്തിലെ ജനങ്ങള്‍ ആത്മീയ ഹൃദയത്തിന്റെ വിശപ്പനുഭവിക്കുന്ന കാലത്തോളം സംസ്കൃതം മൃതമാവുകയില്ല. മനുഷ്യന്റെ അനുഭൂതിയെ പോഷിപ്പിക്കുന്നതും ഉയര്‍ത്തുന്നതും മോഹിപ്പിക്കുന്നതുമായ എല്ലാറ്റിലേക്കുമുള്ള ജനല്‍ സംസ്കൃതമാണ്. മനുഷ്യനെ എല്ലാ വാക്കുകള്‍ക്കും ചിന്തകള്‍ക്കും കാലദേശങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന സത്യത്തെ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന വാഗ്ദേവതയുടെ വിശുദ്ധ ശരീരമാണ് സംസ്കൃതം.” മഹര്‍ഷി അരവിന്ദന് ”സംസ്കൃതം പോലുള്ള ഒരു ഭാഷ ഏറ്റവും സ്വാഭാവികമായ രീതിയില്‍ എങ്ങനെ പഠിക്കാമോ അങ്ങനെ പഠിക്കാവുന്നതാണ്. മനസ്സിന് കാര്യപ്രാപ്തിയും ഉത്സാഹവും തോന്നുംപടിയാവണമതും. ഏതെങ്കിലും പ്രാചീനശിക്ഷണ സമ്പ്രദായത്തില്‍ നമ്മള് കടിച്ചു തൂങ്ങണമെന്നില്ല” എന്ന ധീരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
അത്യന്തം കഠിനമായ സംഘര്‍ഷത്തിലൂടെയാണ് മാനവരാശി പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് എന്നു മുക്തനാവും എങ്ങനെ മുക്തനാവും എന്ന ചോദ്യശരങ്ങള്‍ ഓരോ വ്യക്തിയിലും സൃഷ്ടിക്കുന്ന മാനസികവ്യഥ വിവരിക്കാനാവില്ല. ഇവിടെ സ്വയം പ്രതിരോധിക്കേണ്ടതുണ്ട്.
സ്വയം പ്രതിരോധശക്തി സമ്പാദിക്കാനും, സമൂഹത്തെ ശക്തമാക്കാനും സനാതനമൂല്യങ്ങള്ക്കേ സാധിക്കൂ. ‘ഉദാരചരിതാ നാം തു വസുധൈവ കുടുംബകം’, ‘കൃണ്വന്തോ വിശ്വമാര്യം’, ‘സര്‍വ്വേ ഭവന്തു സുഖിനഃ സര്‍വ്വേ സന്തു നിരാമയാഃ’ ‘സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം’ തുടങ്ങിയ ആപ്തവാക്യങ്ങള്ക്കേ സാധിക്കൂ. ആ ശക്തിസ്രോതസ്സ് പകര്‍ന്നെടുക്കാന്‍ സംസ്കൃത ഭാഷ പഠിക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളുള്ക്കൊള്ളാന് പൊതു സമൂഹം തയ്യാറാവണം.
സംസ്കൃതഭാഷയും അതിലടങ്ങിയിരിക്കുന്ന വിപുലമായ വിജ്ഞാന സമ്പത്തും മാനവജീവിതത്തിന്റെ നാനാ മേഖലകളെ ആഴത്തില്‍ സ്പര്ശിക്കുന്നവയാണ്. ശാസ്തം-സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം-വാസ്തുവിദ്യ, വൈദ്യവിജ്ഞാനം, ലോഹ വിജ്ഞാനം, കൃഷി, ശില്‍പ്പകല, ഗണിതം, മാനേജ്മെന്റ,് സാമ്പത്തികശാസ്ത്രം, പരിസ്ഥിതി വിജ്ഞാനം എന്നിവ ചില അറിവുകള്‍ മാത്രം. ഇന്നത്തെ ആഗോളവത്കൃത സമ്പദ് വ്യവസ്ഥയില്‍, അതിലൂടെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള വിജ്ഞാന സമൂഹത്തില്‍ മറ്റേതൊരു കാലത്തേക്കാളും സംസ്കൃത ഭാഷ ആവശ്യമാണ്.
പുതിയതും പഴയതുമായ അറിവുകളെ ഇണക്കിച്ചേര്‍ക്കാന്‍ സംസ്കൃത ഭാഷ പഠിക്കണം. ബൗദ്ധിക സ്വത്തവകാശനിയമം നടപ്പിലാക്കിയ സാഹചര്യത്തില്‍ പ്രാചീനകൃതികളിലുള്ള വിജ്ഞാനത്തെ വെളിച്ചത്തു കൊണ്ടുവരുക എന്നതനിവാര്യമായിരിക്കുന്നു. അതിന് അടിസ്ഥാന ഭാഷയുടെ അധ്യയനവും പ്രചാരണവും വേണം. മാത്രമല്ല അറിവ് ഏറ്റവും വലിയ സമ്പത്തായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഭാരതത്തിന് (വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍) മുന്നേറാന്‍ പുതിയ വഴികള്‍ തേടുകയും വേണം. ഇവിടെയും ഈ ഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
ദിനാചരണങ്ങള്‍ വെറും സൂചകങ്ങള്‍ മാത്രമാണ്. മൂല്യവത്തായ ഘടകങ്ങള്‍ സാമാന്യ സമൂഹത്തില്‍ നിന്നില്ലാതാവുമ്പോഴാണ് ദിനാചരണങ്ങള്‍ വേണ്ടിവരുന്നത്. അത്തരം ഘടകങ്ങളെ ദൈനദിന ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടത്. അപ്പോള്‍ പരിസ്ഥിതിയും സംസ്കൃതിയും ഭാഷയും ആചാര വിചാരങ്ങളും സംശുദ്ധമാവും. ‘ലോകം മുഴുവന്‍ നന്നാവട്ടെ’ എന്ന പ്രാര്‍ത്ഥന അര്‍ത്ഥവത്താവും.
(സംസ്കൃതഭാരതി ശിക്ഷണവിഭാഗം സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: