സതാംപ്റ്റണ്: ലോകകപ്പ് സൂപ്പര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ഡേവിഡ് വില്ലിയുടെയും സാം ബില്ലിങ്ങിന്റെയും മിന്നുന്ന പ്രകടനത്തില്‍ ആറു വിക്കറ്റിന് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. വില്ലിയാണ് കളിയിലെ കേമന്‍. രണ്ടാം ഏകദിനം ഇന്ന് സതാംപ്റ്റണില്‍ നടക്കും.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേടിയ ടീമില്‍ നിന്ന് പുറത്തായശേഷം ഇതാദ്യമായി ടീമിലെത്തിയ ഓള് റൗണ്ടര്‍ വില്ലി മുപ്പത് റണ്‍സിന് അയര്‍ലന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് വില്ലി അവസാന ഇലവനില്‍ ഇടം നേടിയത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ബില്ലിങ്ങിന്റെ 54 പന്തില്‍ പുറത്താകാതെ നേടിയ 67 റണ്‍സ് പിന്‍ബലത്തില്‍ അനായാസം വിജയം നേടി. 27.5 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സ്. ആദ്യം ബാറ്റേന്തിയ അയര്‍ലന്‍ഡിനെ ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്താക്കി.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകരുമ്പോഴാണ് ബില്ലിങ് ക്രീസിലെത്തിയത്. നായകന് മോര്‍ഗനൊപ്പം പൊരുതി നിന്ന ബില്ലിങ് അഞ്ചാം വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. മോര്ഗന് നാല്‍പ്പത് പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു.
അയര്‍ലന്‍ഡിന്റെ ഓപ്പണിങ് ബൗളര്‍മാരായ ക്രെയ്ഗ് യംഗിന്റെയും ആന്‍ഡി മക്ബ്രീനിന്റെയും മിന്നല്‍ ആക്രമണമാണ് തുടക്കത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ആദ്യ പവര്‍പ്ലേയില്‍ ഇംഗ്ലണ്ട് ഔപ്പണര്മാരായ ജോണി ബെയര്‍സ്റ്റോയേയും (2) ജേസണ്‍ റോയിയേയും (24) പുറത്താക്കി. പത്താമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ജെയിംസ് വിന്‍സിനെയും (25) മടക്കി. പതിമൂന്നാം ഓവറില്‍ ടോം ബാന്റണെ (21) കര്‍ട്ടിസ് പുറത്താക്കിതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് മോര്‍ഗനും ബില്ലിങ്ങും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. അയര്‍ലന്‍ഡിനായി യംഗ് എട്ട് ഓവറില്‍ 56 റണ്‍സിന് രണ്ട് വിക്കറ്റും മക്ബ്രീന്‍ എട്ട് ഓവറില്‍ 47 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി.
ബാറ്റിങ്ങിന് അയക്കപ്പെട്ട അയര്‍ലന്‍ഡ് കര്‍ട്ടിസ് കാംഫറിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് 172 റണ്‍സ് എടുത്തത്. കാംഫര്‍ 59 റണ്‍സുമായി പുറത്തകാതെനിന്നു. മക്ബ്രീന്‍ 40 റണ്‍സും ഡെലാനി, കെവിന് ഒബ്രൈന്‍ എന്നിവര്‍ 22 റണ്‍സ് വീതവും നേടി. സ്കോര്‍: അയര്‍ലന്‍ഡ്: 44.4 ഓവറില്‍ 172. ഇംഗ്ലണ്ട്: 27.5 ഓവറില്‍ നാലു വിക്കറ്റിന് 174 റണ്‍സ്.
2023ലെ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരമായ സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ടിന് ഈ വിജയത്തോടെ 10 പോയിന്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: