കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ സിബിഐയും വിശദമായ അന്വേഷണത്തിന് ഇറങ്ങുന്നു. ഇടപാടിലെ ഭീകര ബന്ധവും വിദേശങ്ങളിലെ ഇടപാടും എന്‍ഐഎ തന്നെ തുടര്‍ന്നും അന്വേഷിക്കും. അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുക.
25 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്കിയ വിവരങ്ങളാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലെത്തിച്ചത്. ശിവശങ്കര്‍ ഇപ്പോള്‍ പദവിയിലില്ലാത്തതിനാല്‍ എന്‍ഐഎയ്ക്ക് ഔദ്യോഗിക കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ അനുമതി വാങ്ങി, ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സിബിഐ അന്വേഷണം നടത്തും. കുറ്റം ബോധ്യമായാല്‍ ക്രിമിനല്‍ കേസെടുക്കും.
എന്‍ഐഎയുടെ അന്വേഷണം തുടരും. ചോദ്യം ചെയ്യലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശിവശങ്കര്‍ നിരത്തിയ കാര്യങ്ങള്‍ക്ക് രേഖാമൂലം തെളിവു നല്കാന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ കേസിലെ വഴിത്തിരിവാകും. ഇതുവരെ ശേഖരിച്ച മൊഴികളും ഡിജിറ്റല്‍ തെളിവുകളും വിശകലനം ചെയ്ത് കേസ് ഡയറി തയാറാക്കും.
അതേ സമയം ഫൈസല്‍ ഫരീദ്, കെ.ടി. റമീസ്, ജലാല്‍, സെയ്തലവി തുടങ്ങിയ വരെ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തിന്റെ ഭീകര ബന്ധത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഇന്നലെ എന്‍ഐഎ കോടതി പരിഗണിച്ച സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് നാലിലേക്ക് മാറ്റി. കേസില്‍ പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തന ബന്ധം സ്ഥാപിക്കുന്ന വിവരങ്ങള്‍ ഇനം തിരിച്ച് നല്കാന് എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കേസില്‍ എം. ശിവശങ്കറിനെ എന്‍ഐഎ പ്രതിയാക്കുമെന്നും അതല്ല മാപ്പുസാക്ഷിയാക്കുമെന്നും രണ്ടഭിപ്രായങ്ങളുണ്ട്. ഈ വിഷയത്തില്‍ നിയമജ്ഞരും വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നു. ശിവശങ്കറിനെ പ്രതിചേര്‍ത്തില്ലെങ്കില്‍ കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പോകുമെങ്കിലും കേസ് ശക്തമാകുകയേ ഉള്ളുവെന്ന് നിയമജ്ഞര്‍ പറയുന്നു.
ഭീകരപ്രവര്‍ത്തന ബന്ധത്തിന് തെളിവുണ്ട്: എന്‍ഐഎ
കൊച്ചി: സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചതിനു തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രതി സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് എന്‍ഐഎ അഭിഭാഷകന് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ ഭീകരപ്രവര്‍ത്തന വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ഡയറിയും കണ്ടെടുത്ത വസ്തുക്കളുടെ വിശദാംശങ്ങളും സമര്‍പ്പിക്കാനും ജഡ്ജി പി. കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: