കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നട്ടപാതിരയ്‌ക്ക് സംസ്‌കരിച്ചത് വിവാദമാകുന്നു. സി എസ് ഐ സഭാംഗമായ ചുങ്കം നടുമാലില്‍ ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. മുട്ടമ്പലം ശ്മശാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്‌കാരം നടത്തിയത്. ഔസേപ്പ് ജോര്‍ജിനെ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കാതെ മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഎംഎസ് കോളേജ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളും നിരവധി പള്ളികളും ഉള്ള കോട്ടയത്തെ പ്രധാന സഭയാണ് സി എസ് ഐ. സഭാംഗമായ ഓസേഫിനെ ചാലുകുന്ന് സിഎസ്‌ഐ സെമിത്തേരിയിലാണ് അടക്കേണ്ടത്. എന്നാല്‍ കോവിഡ് മരണമായതിനാല്‍ സെമിത്തേരിയില്‍ ശവം കയറ്റില്ലന്ന പള്ളി അധികൃതര്‍ നിലപാടെടുത്തു. ഔസേഫ് ജോര്‍ജ്ജ് പെന്തക്കോസ്ത സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സി എസ് ഐ സഭാ നേതൃത്വം വിശദീകരിക്കുന്നത്. തുടര്‍ന്ന് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കളക്ട്രേറ്റിനു സമീപം റയില്‍വേ പുറംപോക്കിനടുത്താണ് ശ്മശാനം. 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയിലുടെയാണ് ശ്മശാനത്തിലേയ്‌ക്കുള്ള വഴി.
കോവിഡ് മൂലം മരിച്ചയാളെ പള്ളിയില്‍ അടക്കാതെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതിനെ കോളനി നിവാസികള്‍ എതിര്‍ത്തു. സ്ത്രീകളടക്കം കോളനി നിവാസികള്‍ ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് റോഡില്‍ കുത്തിയിരുന്നു. സ്ഥലം കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാര്‍, എംഎൽഎ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ സ്ഥലത്തെത്തി കോളനി നിവാസികളോട് ചര്‍ച്ച നടത്തി. നഗരത്തിലെ ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് പ്രധാന ആശങ്ക. മൃതദേഹം സംസ്‌കരിക്കാന്‍ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
മൃതദേഹം സംസ്‌ക്കരിക്കുന്നതുകൊണ്ട് കോവിഡ് പകരില്ലെന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടില്ല. എങ്കില്‍ സെമിത്തേരിയില്‍ അടക്കിയാല്‍ പോരെ എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരം മുട്ടി. പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേറെ സമയം നടത്തിയ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ സംസ്‌കാരം മാറ്റിവെക്കാന്‍ തീരുമാനിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എല്‍.എ അറിയിക്കുകയും ചെയ്തു. നേതാക്കളും അധികൃതരും മടങ്ങി. എന്നാല്‍ രാത്രി 12 മണിയോടെ 300 ഓളം പോലീസുകാരുടെ അകമ്പടിയോടെ മൃതദേഹം കൊണ്ടുവന്നു. മതാചാരം ഒന്നുമില്ലാതെ ദഹിപ്പിച്ചു.
സംഭവത്തില്‍ രാഷ്‌ട്രീയവും മതവും ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കോളനി നിവാസികള്‍ക്കൊപ്പം നിലകൊണ്ടതിന് സ്ഥലം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
സെമിത്തേരിയില്‍ കയറ്റാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സഭാ അധികൃതര്‍ക്കെതിരെ നടപടി എടുക്കാതെ ബിജെപി നേതാവിനെതിരെ കേസ്സെടുത്തത് വിഷയത്തെ വര്‍ഗ്ഗിയമായി മുതലെടുക്കുകയാണ് സിപിഎം. ഹരിക്കും 10 കോളനി നിവാസികള്‍ക്കും എതിരായിട്ടാണ് കേസ്. ജനങ്ങള്‍ക്കൊപ്പം നിന്നതിന് ജയിലില്‍ പോകാന്‍ മടിയില്ലന്ന് ഹരികുമാര്‍ പ്രതികരിച്ചു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി അധികനാള്‍ നീളില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ സമരത്തിലേക്ക് മുട്ടമ്പലം നിവാസികളെ തള്ളിവിടാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയത് നാണംകെട്ട കുപ്രചരണമെന്നായിരുന്നു വി എന്‍ വാസവന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: