വണ്ണപ്പുറം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണപ്പോഴാണ് യുവ നേതാവായ ശ്യാംരാജും കുടുംബവും അനുഭവിക്കുന്ന ദുരവസ്ഥ പുറം ലോകം അറിഞ്ഞത്. സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ എന്നും സക്രിയ സാന്നിധ്യമായിരുന്ന യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശ്യാംരാജ്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തതോടെ കര്‍മ്മധീരനായ ചെറുപ്പക്കാരന്റെ ജനപിന്തുണയ്ക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ലെന്നും തെളിഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ വീട് നിര്‍മ്മിച്ച് നല്കാന് ബിജെപി ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വെള്ളക്കയത്താണ് വനവാസി വിഭാഗത്തില്‍പ്പെട്ട ശ്യാംരാജിന്റെ നിര്‍ദ്ധന കുടുംബം കഴിയുന്നത്. വീടിന്റെ ഒരു മുറിയുടെ മേല്‍ക്കൂരയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് തകര്‍ന്ന് വീണത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വീട് ശ്യാംരാജിന്റെ കുടുംബം മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ്. പഞ്ചായത്ത് സഹായത്തില്‍ നിര്‍മ്മിച്ച ആകെ മൂന്ന് മുറിയുള്ള വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇതോടെ കിടക്കാന്‍ സൗകര്യമില്ലാതെ തല്‍ക്കാലത്തേക്ക് കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്യാം രാജിന്റെ കുടുംബം. പലക ദ്രവിച്ചതിനെ തുടര്‍ന്ന് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞിരുന്ന മേല്‍ക്കൂര തകരുകയായിരുന്നു.
വീടിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതൊടെ മറ്റൊന്നും ആഗ്രഹിക്കാതെ സാധാരണക്കാര്‍ക്ക് വേണ്ടി കര്‍മ്മനിരതനായ യുവ നേതാവിനെ പൊതുജനം തിരിച്ചറിയുകയായിരുന്നു. എല്ലാ പിന്തുണയും നല്‍കികൊണ്ടുള്ള നിരവധി കമന്റുകളും എത്തി. സമരപഥങ്ങളില്‍ യുവതയുടെ പ്രതീകമായിരുന്ന ഈ ചെറുപ്പകാരന് രാഷ്ട്രീയത്തിനതീതമായ അംഗീകാരം പൊതു സമൂഹം നല്‍കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വരെയെത്തിയ ശേഷമാണ് യുവമോര്‍ച്ചയിലേക്ക് എത്തുന്നത്.
ശ്യാംരാജിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ജന്മഭൂമിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ കണ്ടപ്പോഴാണ് വീടിന്റെ ദുരവസ്ഥ തങ്ങള്‍ക്ക് വ്യക്തമായതെന്നും എത്രയും വേഗം ശ്യാംരാജിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീനദയ സേവാ ട്രസ്റ്റിന്റെയും സഹായത്തോടെയാണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: