മക്കളേ,
ലോകമാകെ വലിയ സങ്കടത്തില്‍ അകപ്പെട്ടിരിക്കുന്ന നാളുകളാണിത്. കൊറോണ അസുഖം കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേയ്ക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമ്മയ്ക്കു മക്കളോടു പറയാനുള്ളത്, മക്കള്‍ ജാഗ്രതയായി ഇരിക്കണം, ധൈര്യമായി ഇരിക്കണം. ഒരു കാരണവശാലും ധൈര്യം വെടിയരുത്. ധൈര്യലക്ഷ്മി കൂടെയുണ്ടായാല്‍ മറ്റെല്ലാ ലക്ഷ്മിമാരും കൂടെയുണ്ടാകും. എന്നുവച്ചാല്‍ ധൈര്യം വിടാതിരുന്നാല്‍ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, ശാന്തിയുണ്ടാകും വിജയവുമുണ്ടാകും.
ഇത് ഭയത്തിനും പരിഭ്രമത്തിനുമുള്ള സമയമല്ല. മറിച്ച് ജാഗ്രതയോടെ ഇരിക്കാനുള്ള സമയമാണ്. ശ്രദ്ധയോടെയും പ്രാര്‍ത്ഥനാപൂര്‍ണമായ മനസ്സോടെയും നമ്മള് കഴിയുകയാണെങ്കില്‍ തീര്‍ച്ചയായും കൃപ നമ്മുടെ കൂടെയുണ്ടാകും.
ഏതു ദുഃഖകാലവും കടന്നുപോകുമെന്നത് പ്രകൃതിയുടെ നിയമമാണ്. രാത്രിയായാല്‍ അതു കാണിക്കുന്നത് ഉദയം അകലെയല്ല എന്നാണ്. അധികകാലം കഴിയുംമുന്‍പുതന്നെ കഷ്ടത ഒഴിയുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
സ്വന്തം കഴിവില്‍ അഭിമാനിക്കുന്ന മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന കാലമാണിത്. ഈശ്വരനല്ലാതെ ഒരു ശക്തിയും നമുക്കു തുണയായില്ല എന്നു നമ്മള് സ്വയം മനസ്സിലാക്കണം. മനുഷ്യന് നിസ്സാരനാണെന്നും പരമാത്മാവിന്റെ ഇച്ഛയാണ് നടക്കുന്നതെന്നും നമ്മള് തിരിച്ചറിയണം.
വൈറസ് ബാധ ഉണ്ടാവാനുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് നമ്മുടെ ഇപ്പോഴത്തെ കര്‍ത്തവ്യവും ഉത്തരവാദിത്വവും. കാല് ഒടിഞ്ഞാല്‍ നമ്മള് കുറെ ദിവസം ഒരു മുറിയില്‍ അടച്ചിരിക്കാറില്ലേ. അത്രയും കാലം അങ്ങിനെ കഴിഞ്ഞാലെ എല്ല് കൂടിച്ചേരൂ. അതിനെക്കാളും രൂക്ഷമായ പ്രതിസന്ധികാലമാണിത്. അതുകൊണ്ട് ശ്രദ്ധയും ജാഗ്രതയും വിവേകവും തന്നെയാണ് ഇതിനെതിരെയുള്ള പ്രതിരോധം.
ജീവിതത്തിന്റെ തിക്കിലും തിരക്കിലും നിന്ന് ഒഴിഞ്ഞ് വീടുകളില്‍ കഴിയേണ്ടിവരുന്ന ഈ കാലം ഒരുപാടു നല്ല കാര്യങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നുതരുന്നു എന്നത് നാം മറക്കരുത്. ഇതുവരെ നമുക്കു ചെയ്യാന്‍ സമയം കിട്ടാതിരുന്ന പല കാര്യങ്ങളും നമുക്കു ചെയ്തുതീര്‍ക്കാം. പച്ചക്കറികള്‍ നടുന്നതിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളിലും നമുക്ക് ഒന്നുകൂടി ശ്രദ്ധപതിപ്പിക്കാം. അങ്ങനെ എത്രയെത്ര നല്ല കാര്യങ്ങളില്‍ നമുക്കു മുഴുകാം. സാമൂഹികമായ അകലം പാലിക്കുന്നതുപോലെതന്നെ നമ്മുടെ മനസ്സിന്റെ ആകുലതകളില്‍ നിന്ന് അകലം പാലിക്കാനുള്ള അവസരംകൂടിയാണിത്. നമ്മുടെ ഉള്ളിലേക്കു നോക്കുവാനും ആത്മീയ സാധനകള്‍ ഒന്നുകൂടി തീവ്രമാക്കുവാനും ഈ സമയം നമുക്കു പ്രയോജനപ്പെടുത്താം.
കുറച്ചുകാലമായി മനുഷ്യമനസ്സും പ്രകൃതിയും ഒരുപോലെ കലുഷമായിരിക്കുകയാണ്. അങ്ങനെയാണ് വെള്ളപുഷ്പം വര്‍ഷിക്കുന്ന ധ്യാനം അമ്മ തുടങ്ങിയത്. എത്രയോ രാജ്യങ്ങളിലെ ഭക്തര്‍ ധ്യാനത്തോടൊപ്പം നിത്യേന ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന മന്ത്രം ജപിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനകൊണ്ടും ഈശ്വരകൃപകൊണ്ടും തീര്‍ച്ചയായും വ്യത്യാസം വരും.
ഇങ്ങനെ പറയുന്നതിനെ ചിലര്‍ വിമര്‍ശിക്കാറുണ്ട്. ‘മുന്‍കൂട്ടി അറിയാമെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ’, എന്നു ചിലര്‍ ചോദിക്കാറുണ്ട്. മനുഷ്യന് ചെയ്യുന്ന തെറ്റുകള്‍ക്കെല്ലാം ഈശ്വരന് കൂട്ടുനില്‍ക്കും എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. കാരണം ഒരര്‍ത്ഥത്തില്‍ ഇതെല്ലാം മനുഷ്യരാശി സ്വയം വരുത്തിവച്ചതാണ്. മനുഷ്യന് അവന്റെ സ്വാര്‍ത്ഥത കാരണം എത്രയോ കാലമായി പ്രകൃതിയെ കടന്നാക്രമിക്കുകയാണ്.
വായുവും വെള്ളവും മണ്ണുമെല്ലാം നമ്മള് വിഷപൂരിതമാക്കിക്കഴിഞ്ഞു. അന്തരീക്ഷത്തിലെ മാലിന്യം കാരണം, ഓസോണ്‍ പാളികള്‍ നശിക്കുന്നു. സൂര്യരശ്മിപോലും മനുഷ്യന് അസുഖമുണ്ടാക്കുന്നു. നമ്മുടെ ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണു മരിക്കുന്നു. പുഴ മരിക്കുന്നു. ജലാശയങ്ങള്‍ മരിക്കുന്നു. സമുദ്രവും അതിലെ ജീവജാലങ്ങളും മരിക്കുന്നു. എത്രയെത്ര വനങ്ങളാണ് മനുഷ്യന്റെ അശ്രദ്ധ കാരണം കത്തിനശിച്ചത്. മനുഷ്യന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായാല്‍ എല്ലാ ജീവജാലങ്ങളും പുഷ്ടിപ്പെടും എന്നതാണ് സ്ഥിതി. ഭൂമിയും ജീവജാലങ്ങളും നശിക്കാതിരിക്കണമെങ്കില്‍ മനുഷ്യന് നശിക്കണമെന്ന അവസ്ഥ നമ്മള് സൃഷ്ടിക്കാന്‍ പാടില്ല.
പ്രകൃതി വാസ്തവത്തില്‍ സ്വയം പര്യാപ്തമാണ്. പ്രകൃതിയെ രക്ഷിക്കാനുള്ള സംവിധാനം പ്രകൃതിയില്‍ തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്റെ അതിക്രമം അതിരുകടക്കുമ്പോള്‍ പ്രകൃതിക്കും സ്വയം രക്ഷിക്കാന്‍ കഴിയാതെവരുന്നു. വൈറസ് തനിക്ക് അഭയം തന്ന ജീവിയെത്തന്നെ കൊല്ലുന്നു. ഇന്നു മനുഷ്യന് പ്രകൃതിക്ക് ഒരു വൈറസായി മാറിയിരിക്കുകയാണ്. അതിന്റെ ദുരന്തഫലങ്ങളാണ് നമ്മള് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആ തെറ്റുകള്‍ തിരുത്താനുള്ള അവസാനത്തെ അവസരമാണിത്.
സ്വയം ഉണരാനുള്ള സന്ദേശമാണ് ഓരോ പ്രതിസന്ധിയും നമുക്കു നല്‍കുന്നത്. ഹൃദയം തുറന്ന് മറ്റുള്ളവരെ സ്േനഹിക്കാനും നമ്മളാലാവുംവിധം സഹായങ്ങള്‍ ചെയ്യാനും പ്രകൃതിയോടുള്ള ധര്‍മ്മം പാലിക്കാനും നമുക്ക് ഈ അവസരത്തില്‍ കഴിയട്ടെ. പ്രയാസം നിറഞ്ഞ ഈ കാലം എത്രയും പെട്ടന്ന് തീരാന്‍ കൃപ അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: