ന്യൂദല്‍ഹി: എം.എസ്. ധോണിക്ക് വീണ്ടും ഇന്ത്യന്‍ കുപ്പായം അണിയാന്‍ ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണായകമാകുമെന്ന് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ്. ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായതോടെ ധോണിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ പ്രകടനം മോശമായാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി എന്നന്നേക്കുമായി അടയുമെന്ന് കമന്റേറ്ററായ ഡീന്‍ ജോണ്‍സ് പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് പരിഗണിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ ധോണി മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താം. അല്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുളള ധോണിയുടെ വഴി അടയുമെന്ന് ജോണ്‍സ് വ്യക്തമാക്കി.
2019 ലെ ഐസിസി ലോകകപ്പിന് ശേഷം ധോണി ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെ കൊറോണ വ്യാപനം തുടര്‍ന്നതോടെ മാര്‍ച്ച് 29ന് ആരംഭിക്കാനിരുന്ന ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റി. ഈ വര്‍ഷാവസാനം നടത്താനിരുന്ന ടി 20 ലോകകപ്പ് മാറ്റിവച്ചതിനാല്‍ പതിമൂന്നാമത് ഐപിഎല്‍ യുഎഇയില്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: