കൊട്ടാരക്കര: അവസാനമായി കിട്ടൂസ് അപ്പയുടെ മുഖത്തേക്ക് ഒന്നു നോക്കി. ഇല്ല, ആ പുഞ്ചിരി കാണുന്നില്ല. സാധാരണ ഉറങ്ങാറുള്ള അപ്പയുടെ മുഖമല്ലിത്. എന്തോ സംഭവിച്ചതായി മനസിലായതോടെ അവന്റെ കണ്ണുകള്‍ കലങ്ങി. മൂന്നുവയസുകാരന്‍ എഡ്വിന്റെ കരച്ചില്‍ കണ്ടപ്പോള്‍ കൂടിനിന്ന ഉറ്റവര്‍ക്കും വേദനയടക്കാനായില്ല. ഇരുമ്പനങ്ങാട് എന്ന നാടിന് മറക്കാനാകാത്ത ഓര്‍മകളും ഒരിക്കലും കാണാത്തവര്‍ക്ക് അവയവങ്ങളും സമ്മാനിച്ച് അനുജിത്ത് ഇന്നലെ തീനാളങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നു. ചിതയ്‌ക്ക് തീകൊളുത്തിയത് മകന്‍ എഡ്വിനായിരുന്നു. കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങ്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാപോറ്റി എംഎല്‍എ അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങിð പങ്കുകൊണ്ടു.
അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു. തുടര്‍ന്ന് 3.30ഓടെ എഴുകോണ്‍ ഇരുമ്പനങ്ങാടുള്ള കുടുംബ വീട്ടില്‍ എത്തിച്ചു. അനുജിത്തിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ മനസ്സു കാട്ടിയ പ്രിയ പത്‌നി പ്രിന്‍സി പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. മകന്‍ എഡ്വിന്‍ ചിതയ്‌ക്ക് തീകൊളുത്തുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു.
വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച അനുജിത്ത് (27) ന്റെ നേത്രപടലങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്. അനുജിത്തിന്റെ ഹൃദയം, നേത്രങ്ങള്‍, വൃക്കകള്‍, കരള്‍, ചെറുകുടല്‍ എന്നിവ കൂടാതെ ഇരു കൈകളും ദാനം ചെയ്തിരുന്നു. 14ന് രാത്രി 10നായിരുന്നു അനുജിത്തിന്റെ ജീവന്‍ അപഹരിച്ച അപകടം നടന്നത്.
അനുജിത്തിനെ ഒരുനോക്ക് കാണാന്‍ നിരവധി ആള്‍ക്കാര്‍ കാത്തുനിന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകാരണം എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ കയറാനും കാണാനുമുള്ള സൗകര്യമുണ്ടായില്ല. വീട്ടിലെത്തിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി അംഗമായ ഇരുമ്പനങ്ങാട് പബ്ലിക് ലൈബ്രറിയിð അനുജിത്തിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
അനുജിത്തിനെ കാണാനെത്തിയ സഹപാഠികളും ഈറനണിഞ്ഞ കണ്ണുകളോടെ അനുജിത്തിന്റെ കഴിവില്‍ വാചാലമായി. ചെറുപുഞ്ചിരിയോടെയല്ലാതെ അനുജിത്തിനെ കണ്ടിട്ടില്ലെന്നാണ് സുഹൃത്തായ പ്രേംചന്ദ് പറഞ്ഞത്. ബാക്കിയുള്ളവരുടെ സങ്കടങ്ങള്‍ സ്വന്തം സങ്കടമായി കണ്ട് അവരെ സഹായിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അനുജിത്തെന്നും അദ്ദേഹം ഓര്‍മിക്കുന്നു. സുഹൃത്തുക്കള്‍ വരച്ച ചിത്രം ഇന്നലെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചായിരുന്നു ആദരവര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: