കോഴിക്കോട്: ബാങ്ക് കവര്‍ച്ചാ ശ്രമമുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവ് പിടിയില്‍. ഉമ്മളത്തൂര്‍ സ്വദേശി സല്മാന് ഫാരീസ് (26) ആണ് പിടിയിലായത്. മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ കുത്തിത്തുറക്കാന്‍ ശ്രമിച്ചതും മാത്തറയില്‍ കടകള്‍ കൊള്ളയടിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്നതും ഫാരീസ് ആണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാങ്കാവ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ വാതിലിന്റെ ഗ്രില്ല് പൊളിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ബാങ്കിനു മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട് സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ ഗോവിന്ദപുരത്തെ ലോഡ്ജില്‍ വെച്ചാണ് പന്തീരാങ്കാവ് സിഐ ബൈജു കെ. ജോസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഒളവണ്ണ മാത്തറയില്‍ 11 കടകളില്‍ മോഷണം നടത്തിയത്. മൂന്ന് കടകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. മാത്തറയിലെ ഫാത്തിമ ബില്‍ഡിംഗ്, എടക്കാട് ബില്‍ഡിംഗ്, അവന്യ ആര്‍ക്കേഡ്, കെ.പി. സ്റ്റോര്‍ ജനറല്‍ മര്‍ച്ചന്റ്, സിയാദ് ട്രേഡേഴ്സ്, ജനസേവന പോളിക്ലിനിക്ക് തുടങ്ങിയവയിലാണ് പൂട്ട് തകര്‍ത്ത് മോഷണം നടത്തിയത്. സിയാദ് എന്റര്‍പ്രൈസില്‍ നിന്നും 1,85,000 രൂപ നഷ്ടപ്പെട്ടിരുന്നു.
എല്‍ഐസി ഏജന്‍സി ഓഫീസ്, ജന സേവന പോളിക്ലിനിക്ക് എന്നിവിടങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു. മോഷണം നടന്ന കടകളിലൊന്നില്‍ നിന്ന് പുലര്‍ച്ചെ 3.45 ഓടെയുള്ള സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് തിരിച്ചറി യുകയായിരുന്നു. ഡിസിപി സുജിത്ത്ദാസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മാറി മാറി താമസിച്ച് പകല്‍ സമയങ്ങളില്‍ കറങ്ങി നടന്നും രാത്രികാലങ്ങളില്‍ കവര്‍ച്ച നടത്തുകയുമായിരുന്നു പ്രതിയുടെ രീതി.
ബൈക്ക് മോഷണം, ലഹരിമരുന്ന് വില്പന, ഇതരസംസ്ഥാനക്കാരെ അക്രമിച്ച് കവര്‍ച്ച തുടങ്ങിയ കേസുകളിലുംപെട്ട് പ്രതി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് കളവ് മുതല്‍ വില്പന നടത്താന്‍ സഹായിച്ചവരെയും മയക്കുമരുന്ന് എത്തിക്കുന്നവരെപ്പറ്റിയും അന്വേഷിച്ചുവരികയാണെന്ന് പന്തീരാങ്കാവ് സിഐ ബൈജു കെ. ജോസ് പറഞ്ഞു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ഇ. മനോജ്, എഎസ്ഐ കെ. അബ്ദുല്റഹ്മാന്, സീനിയര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. രമേശ് ബാബു, സി.കെ. സുജിത്ത് എന്നിവരും പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ വിനായകന്, എഎസ്ഐ ഉണ്ണി, സിപിഒ ജിതിന് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: