കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ദക്ഷിണ കന്നട ജില്ലയിലേക്ക് പോകുന്നത് വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം നിയമലംഘനമാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അണ്‍ലോക്ക് രണ്ട് നിര്‍ദ്ദേശപ്രകാരം അന്തര്‍സംസ്ഥാന യാത്രയ്ക്ക് യാതൊരു അനുവാദം വേണ്ട. അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നവര്‍ വിവരം റജിസ്റ്റര്‍ ചെയ്താല്‍ മതി യെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് കാസര്‍കോട് ജില്ലക്കാര്‍ക്ക് കര്‍ണാടകയിലേക്ക് യാത്രാവിക്കേര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ല. കര്‍ണാടകയിലേക്ക് പോയവര്‍ തിരിച്ചു വരുമ്പോള്‍ ഇപ്പോള്‍ 28 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന നിര്‍ദ്ദേശം ജോലിക്ക് പോയി വരുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്.
നൂറുകണക്കിന് ആള്ക്കാര് അണ്‍ലോക്കായിട്ടും കാസര്‍കോട് നിന്ന് ദക്ഷിണകന്നട ജില്ലയിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ ദുരിതത്തിലാണ്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ മറ്റു അതിര്‍ത്തി ജില്ലകളില്‍ നിന്നും കര്‍ണാടക തമിഴ്നാട് അന്തര്‍സംസ്ഥാനയ്ക്ക് യാത്ര യാതൊരു നിയന്ത്രണവുമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കാസര്‍കോട് ജില്ലയില്‍ മാത്രം റവന്യൂ മന്ത്രിയും എംഎല്‍എമാരുടെയും യോഗത്തിലെടുത്ത തീരുമാനം ജനദ്രോഹപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്കുള്‍പ്പെടുന്ന ഗഡിനാടു മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന ലാഗ്വേജ് പരീക്ഷയെഴുതുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല. ഇത്തരം അപ്രായോഗിക നിലപാടുകള്‍ വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കും. കൂടാതെ ആഗസ്റ്റ് മാസം പകുതിയോടെ നടക്കുന്ന നീറ്റ് പരീക്ഷ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കാത്ത പരിതസ്ഥിതിയുണ്ടാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിലേക്ക് ജോലിക്ക് പോകുന്നവരും പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും 28 ദിവസം നിരീക്ഷണത്തില്‍ പോകണമെന്ന ജില്ല ഭരണകൂടത്തിന്റെ നിബന്ധന എടുത്ത് കളയണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: