തൃശൂര്‍: കൊറോണ ഭീതിക്കിടയില്‍ തീരദേശത്തെ ഭീതിയിലാഴ്ത്തി കടലേറ്റം അതിരൂക്ഷമായി. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച കടലേറ്റം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഒട്ടേറെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറിയിട്ടുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളവും മണലും അടിച്ചുകയറിയതിനെത്തുടര്ന്ന് വാസയോഗ്യമല്ലാതായി. പല ഭാഗത്തും വലിയതോതില്‍ വെള്ളക്കെട്ട് രൂപംകൊണ്ടിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണമുഖം ക്ഷേത്രം കടവ്, ദുബായ് റോഡ്, ചന്ദന ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതില്‍ കടല്‍ വെള്ളം കയറി. ഏതാനും കുടുംബങ്ങളെ വെമ്പല്ലൂര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. ഇവിടെ കുട്ടികള്‍ ഉള്‍പ്പെടെ അന്‍പതില്‍ കൂടുതല്‍ പേരാണുള്ളത്. പടിഞ്ഞാറേ വെമ്പല്ലൂര്‍, എടവിലങ്ങ് വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.
പടിഞ്ഞാറേ വെമ്പല്ലൂര്‍ ശ്രീകൃഷ്ണമുഖം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കൂറ്റന്‍ കരിങ്കല്‍ഭിത്തികളും മറികടന്ന് തിരമാലകള്‍ ക്ഷേത്രത്തിലേക്ക് ആഞ്ഞടിക്കുകയാണ്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തും പുറത്തും വലിതോതിലുള്ള വെള്ളക്കെട്ടാണ്. ക്ഷേത്രത്തിന്റെ ഊട്ടുപുര വെള്ളവും മണലും കയറി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പ്രിയദര്‍ശിനി കോളനിയിലെ ഇരുപതോളം വീടുകള്‍ വെള്ളവും മണലും കയറി താമസയോഗ്യമല്ലാതായി.
എടവിലങ്ങ് പുതിയ റോഡ് വടക്കുഭാഗത്ത് പ്ലാക്കല്‍ രമേശന്, ഇളയാരംപുരയ്ക്കല് സിദ്ധാര്ത്ഥന് എന്നിവരുടെ വീടുകള്‍ മണല്‍ കയറി മൂടിയ നിലയിലാണ്. വീടിന് മുന്നിലെ ജിയോബാഗ് തടയണകള്‍ക്ക് മുകളിലൂടെ അടിച്ചുകയറിയ മണലിലാണ് വലിയ കോണ്‍ക്രീറ്റ് വീടിന്റെ പകുതിയോളം ഭാഗം മൂടിപ്പോയത്. സമീപത്തുള്ള സിദ്ധാര്‍ത്ഥന്റെ വീടും ഇത്തരത്തിലാണ് മണല്‍ നിറഞ്ഞിട്ടുള്ളത്. നിരവധി വീട്ടുകാരാണ് ഈ ഭാഗത്തുനിന്നും മാറിത്താമസിച്ചിട്ടുള്ളത്.
തോടില്‍നിന്ന് മണ്ണു കരയ്ക്കു കൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് കടലേറ്റം ഉണ്ടാകുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാത്തതുകൊണ്ട് ഏതാനും വീടുകളില്‍ വെള്ളം കയറി കെട്ടിക്കിടക്കുകയാണ്. രോഗ ഭീഷണിയെത്തുടര്‍ന്ന് പലരും സര്‍ക്കാര്‍ ഒരുക്കുന്ന ക്യാമ്പുകളിലേക്ക് മാറുവാന്‍ തയ്യാറാവുന്നില്ല. ക്യാമ്പില്‍ എത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും വില്ലേജ് ഓഫീസില്‍ ഉദ്യോഗസ്ഥരും ക്യാമ്പില്‍ എത്തി വിലയിരുത്തി.
ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ വീണ്ടും രൂക്ഷമായ കടലേറ്റം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും രൂക്ഷമായ കടലേറ്റമാണ് ഇന്നലെകടപ്പുറത്തുണ്ടായത്. നിരവധി വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും, സമീപത്തെ വീടുകളിലേക്കും താമസം മാറി.നൂറുകണക്കിന് വീടുകളുടെ പരിസരം വെള്ളക്കെട്ടിലായി.
മുനക്കകടവ് അഴിമുഖം മുതല്‍ ആശുപത്രിപടി വരെയുള്ള തീരത്താണ് കടലേറ്റം ഏറ്റവും രൂക്ഷമായത്. ഞായറാഴ്ച മുനക്കകടവ് മേഖലയില്‍ മാത്രമാണ് കടലേറ്റം രൂക്ഷമായതെങ്കില്‍ മുനയ്ക്കകടവ്, വെളിച്ചെണ്ണപ്പടി, മൂസാറോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി തുടങ്ങീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചു.കടല്‍വെള്ളം തീരദേശ റോഡ് കവിഞ്ഞ് കിഴക്കന്‍ മേഖലയിലേക്ക് ഒഴുകിയതോടെ ഈ പ്രദേശത്തെ വീടുകളും വെള്ളക്കെട്ടിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: