മാനന്തവാടി:മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ പടലം പിണക്കം. താല്കാലിക ചുമതല എ.എം.നിഷാന്തിന് നല്‍കിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലും പാര്‍ട്ടിയിലെ വിമത നീക്കവും സ്ഥാനം ഏറ്റെടുക്കല്‍ നീട്ടുന്നു.വരും ദിവസങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്ത് വരാന്‍ സാധ്യതകളേറെ.
അന്തരിച്ച ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി. ജോണിന് ശേഷം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഒന്നിലേറെ പേര് വന്നിട്ടുണ്ട്. പി.വി.ജോണിന് ശേഷം അച്ചപ്പന്‍ കുറ്റിയോട്ടില്‍ നിയമിതനായി.പിന്നീട് എക്കണ്ടി മൊയ്തൂട്ടിയും, എം.ജി.ബിജുവും. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ബിജുവിനെ സംഘടനാ ചുമതലയുള്ള ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി എ.എം.നിഷാന്തിനെ നിയമിച്ചുകൊണ്ട് ഡിസിസിപ്രസിഡന്റും എംഎല്‍എയുമായ ഐ.സി.ബാലകൃഷ്ണന്റെ അറിയിപ്പ് വന്നത്. പത്ര ദൃശ്യമാധ്യമങ്ങളില്‍ അത് വാര്‍ത്തയാവുകയും ഉണ്ടായി. എന്നാല്‍ സംഗതി ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞത് പോലെയായി. ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന് പഴമൊഴി പോലെയായി കാര്യങ്ങള്‍.
നിഷാന്തിനെതിരെ ഒരു കൂട്ടം നേതാക്കള്‍ രംഗത്ത് വന്നതാണ് സ്ഥാനാരോഹണ ചടങ്ങ് നീണ്ടുപോകാന്‍ കാരണം. മുന്‍ മന്ത്രി പി.കെ.ജയലക്ഷമിയുടെ നേതൃത്വത്തില്‍ തവിഞ്ഞാലിലെ ഒരു പ്രബല വിഭാഗം നിഷാന്തിനെ പ്രസിഡന്റാക്കാന്‍ വിഘാതം നല്‍കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയലക്ഷ്മിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നിഷാന്തിനെ പ്രസിഡന്റ് കസേരയില്‍ അവരോധിക്കാന്‍ സമ്മതികില്ലന്ന ഉറച്ച തീരുമാനത്തിലാണ് ജയലക്ഷ്മി പക്ഷമെന്നറിയുന്നു. അതിനവര്‍ ജയലക്ഷ്മിക്കെതിരെ വെള്ളമുണ്ട,തരുവണ,കോറോം ഭാഗങ്ങളില്‍ നിഷാന്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് കെപിസിസി പ്രസിഡന്റിന് എത്തിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.
എന്തായാലും കെ.പി.സി.സി.പ്രസിഡന്റ് പ്രശ്നത്തില്‍ ഇടപ്പെട്ടതായും തല്ക്കാലം ചാര്‍ജ്ജ് കൈമാറല്‍ മാറ്റിവെക്കാന്‍ പറഞ്ഞതായുമാണ് ലഭിക്കുന്ന വിവരങ്ങള്‍. അതെ സമയം സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളുടെ പിന്തുണയോടെ എ.എം.നിഷാന്തും നിശ്ചയിക്കപ്പെട്ട സ്ഥാനം നിലനിര്‍ത്താന്‍ കിണഞ്ഞ് ശ്രമിക്കുന്നതായുമാണ് അറിയാന്‍ കഴിഞ്ഞത്.താല്‍ക്കാലിക ചുമതല എഎം.നിഷാന്തിന് നല്കിയതും പിന്നീട് അത് മാറിമറിഞ്ഞതുമെല്ലാം മാനന്തവാടി കോണ്‍ഗ്രസ്സില്‍ വരും ദിവസങ്ങളില്‍ വലിയപൊട്ടിത്തെറികള്ക്ക് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: