കൊല്ലം: പ്രതിഷേധങ്ങള്‍ക്ക് യാതൊരുവിലയും കല്‍പ്പിക്കാതെ ഇന്ന് മുതല്‍ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇതോടെ സാധാരണ രോഗികള്‍ക്ക് ചികിത്സ അപ്രാപ്യമാകും. ജില്ലാ പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുള്ളത്.
ഇവിടെയെത്തുന്നവരെ രോഗതീവ്രത മനസിലാക്കി കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കോ മാറ്റും. സജ്ജീകരണങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയു, ഡയാലിസിസ്, കാന്‍സര്‍ വിഭാഗങ്ങള്‍ മാത്രമാണ് പഴയതുപോലെ ഇനി ജില്ലാ ആശുപത്രിയില്‍ തുടരുക. മുന്‍കാലങ്ങളില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍വരെ എത്തിയിരുന്ന ജില്ലാ ആശുപത്രിയില്‍ ആശുപത്രിയും അനുബന്ധസൗകര്യങ്ങളും രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ കോവിഡ് ദൃഷ്ടിയിലുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. കോവിഡ് ആശുപത്രി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് രോഗികളും ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരായവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാന്‍ പുതിയ തീരുമാനം ഇടയ്ക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
ജില്ലയില്‍ ഏറ്റവുമധികമുള്ള കശുവണ്ടിതൊഴിലാളികള്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്. 1300 പേരെ ചികിത്സിക്കാന്‍ ചവറയില്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കാമെന്ന വാഗ്ദാനം മറികടന്നാണ് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. കോവിഡ് ബാധിതര്‍ മാത്രമാകുന്നതോടെ ജില്ലാആശുപത്രിയെ സമീപിക്കുന്ന സാധാരണ രോഗികള്‍ ആശങ്കയിലാണ്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുമെങ്കിലും ചികിത്സാസൗകര്യം പതിവുപോലെ ഉണ്ടാകില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 500 പേരെ ചികിത്സിക്കാനുള്ള സൗകയ്യമെ ഉള്ളൂ. ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയെ ഇതിനായി പൂര്‍ണമായി വിനിയോഗിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: