ന്യൂദല്‍ഹി: സമുദ്രനിരപ്പില്‍ നിന്ന് 11,500 അടി ഉയരെയുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രമായ ലഡാക്കിലെ ലൂക്കുങ്ങില് പാറ്റണ് ടാങ്കുകള്‍ അടക്കം വിന്യസിച്ച് സൈനികാഭ്യാസവുമായി ഇന്ത്യ. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യന്‍ മണ്ണ് കൈയ്യടക്കാനാവില്ലെന്ന് സൈനികാഭ്യാസ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള ഇന്ത്യയുടെ നീക്കം.
റഷ്യന്‍ നിര്‍മ്മിത ടി90 ടാങ്കുകളും ബിഎംപി ഇന്‍ഫന്ററി കോമ്പാറ്റ് വാഹനങ്ങളും യുദ്ധവിമാനങ്ങളും അണിനിരന്ന സൈനികാഭ്യാസം മേഖലയിലെ ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളിലേക്ക് പുതുതായി എത്തിച്ച റഷ്യന്‍ നിര്‍മ്മിത പീക്ക മെഷീന് ഗണ്ണുകളും രാജ്നാഥ്സിങും സൈനിക മേധാവിമാരും പരിശോധിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം. നര്‍വാണെ എന്നിവരും പ്രതിരോധമന്ത്രിക്കൊപ്പം അതിര്‍ത്തിയിലെത്തി.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും എത്രത്തോളം പരിഹരിക്കാനാവുമെന്ന് യാതൊരു ഉറപ്പും നല്‍കാനാവില്ലെന്ന് സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കവേ രാജ്നാഥ്സിങ് അതിര്‍ത്തിക്കപ്പുറത്തെ ശത്രുവിനോടായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: