കണ്ണൂര്‍: പിണറായി യുഗത്തില്‍ പര്‍ദ്ദ കൊലയാളികളുടെയും കള്ളക്കടത്തുകാരുടെയും വേഷമായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി. ടി.പി. കേസിലെ കുഞ്ഞനന്തന് മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നവരെ രക്ഷപ്പെടാന്‍ പര്‍ദ്ദയാണ് ധരിക്കുന്നത്. ഇത് മുസ്ലിംങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിട്ടും പിണറായിയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സിപിഎം കേന്ദ്രനേതൃത്വം തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിയെ തൂത്തെറിയുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ് ഉയര്‍ന്ന ശമ്പളത്തിന് നിര്‍ണ്ണായക സ്ഥാനത്ത് ജോലി നേടിയത്. ട്രിപ്പിള്‍ ലോക്ഡൗണില്‍ സ്വപ്നയും സന്ദീപും കേരളം വിട്ടത് പിണറായിയുടെ സഹായത്തോടെയാണ്.
പിണറായിയുടെ പെട്ടി തൂക്കുന്നവരെയെല്ലാം പ്രധാന സ്ഥാനങ്ങളിലിരുത്തി. പിണറായി അധികാരത്തിലെത്തിയതിന് ശേഷം മിടുക്കന്മാരായ പോലീസ് ഉദ്യോഗസ്ഥന്മാരെയെല്ലാം കൂച്ചുവിലങ്ങിട്ട് ഒതുക്കിനിര്‍ത്തുകയായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണത്തിലുള്‍പ്പടെ കേരള പോലീസ് തങ്ങളുടെ കഴിവ് തെളിയിച്ചതാണ്. സ്വര്‍ണ്ണക്കടത്ത് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ വരും നാളുകളില്‍ സമരത്തിന്റെ വേലിയേറ്റം തന്നെയുണ്ടാകുമെന്നും പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: