ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും ആരോടും പങ്കുവയ്‌ക്കരുതെന്നും ഒന്നും പുറത്തുവിടരുതെന്നുമാണ് എന്‍ഐഎക്ക് ലഭിച്ച കര്‍ശന നിര്‍ദേശം.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയെന്നും സരിത്ത് ഒന്നും സ്വപ്‌ന രണ്ടും ഫാസില്‍ ഫരീദ് മൂന്നും സന്ദീപ് നാലും പ്രതികളാണെന്നതും ഭീകരപ്രവര്‍ത്തനമായാണ് ഇതിനെ കാണുന്നതെന്നും മാത്രമാണ് എന്‍ഐഎ ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങള്‍ പത്രക്കുറിപ്പിലാണ് അവര്‍ വെള്ളിയാഴ്ച വൈകിട്ട് അറിയിച്ചത്.
അതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട ചെറിയൊരു സൂചന പോലും ആര്‍ക്കും നല്‍കുന്നില്ല. വിവരങ്ങള്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും രാജ്യസുരക്ഷ പോലും അപകടത്തിലാകുമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു. കേരളത്തിലേക്കുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന മുഴുവന്‍ സ്വര്‍ണക്കടത്തു കേസുകളുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
കേരളത്തിലെത്തുന്ന സ്വര്‍ണത്തില്‍ 30 ശതമാനവും കള്ളക്കടത്തു വഴിയെത്തുന്നതാണെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കച്ചവടക്കാരുടെ സംഘടനയും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വരുന്ന സ്വര്‍ണം വലിയതോതില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.
വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്ന കാരിയര്‍മാര്‍ മാത്രമാണ് വല്ലപ്പോഴും പിടിയിലാകുന്നത്. പത്തു പേര്‍ സ്വര്‍ണം കടത്തുമ്പോള്‍ അതില്‍ ഒരാള്‍ മാത്രമാണ് പലപ്പോഴും കുടുങ്ങുന്നത്. ഇത് കള്ളക്കടത്തുകാര്‍ മനഃപൂര്‍വ്വം ചെയ്യുന്നതുമാണ്. ഇങ്ങനെ പിടിയിലാകുന്നവര്‍ നിയമപ്രകാരമുള്ള പിഴ അടച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന സ്വര്‍ണം ആര്‍ക്കാണ് എത്തുന്നതെന്ന് കസ്റ്റംസും അന്വേഷിക്കാറില്ല. പിഴ അടപ്പിച്ച് വിടും. അതിനാല്‍, സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പന്മാര്‍ ഒരിക്കലും പുറത്തുവരാറില്ല.
രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനത്തിനാണ് സ്വര്‍ണം കടത്തുന്നതെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍, ഇങ്ങനെ സമീപകാലത്ത് വന്‍തോതില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കൊക്കെയാണ് എത്തിച്ചതെന്ന് എന്‍ഐഎ അന്വേഷിച്ചേക്കാം.
കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നു
ദക്ഷിണേന്ത്യയില്‍ സമീപകാലത്ത് വലിയ തോതിലാണ് ഭീകരരെ പിടിച്ചത്. പാലക്കാടും കോയമ്പത്തൂരും ചെന്നൈയിലും നടന്ന റെയ്ഡുകളില്‍ അനവധി ഭീകരരാണ് പിടിയിലായത്. ഇവര്‍ക്ക് ഐഎസ് റിക്രൂട്ട്‌മെന്റുമായി പോലും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2019 ഏപ്രിലിലാണ് പാലക്കാട്ടെ കൊല്ലങ്കോട്ട് നിന്ന് റിയാസ് അബൂബക്കര്‍ (29) എന്ന ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഐഎസ് മൊഡ്യൂളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇയാള്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ തന്നെ അന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് ശ്രീലങ്കയിലെ പള്ളികളില്‍ നടന്ന ഈസ്റ്റര്‍ ബോംബാക്രമണത്തിന്റെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായും അയാളുടെ നാഷണല്‍ തൗഹീദ് ജമായത്തുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ കേരളമടക്കമുള്ള ദക്ഷിണേന്ത്യേന്‍ സംസ്ഥാനങ്ങള്‍ ഭീകരര്‍ താവളമാക്കിയ സാഹചര്യത്തില്‍ സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ ആരെന്ന് കണ്ടെത്തേണ്ടത് രാജ്യസുരക്ഷയ്‌ക്ക് അനിവാര്യമാണ്. ഇവരെ കണ്ടെത്തി വഴി അടച്ചാല്‍ മാത്രമേ ഭീകരതയ്‌ക്കുള്ള ഫണ്ടിങ് നിലയ്‌ക്കൂ. അതിനാല്‍, എന്‍ഐഎ സമീപകാലത്തുണ്ടായ മുഴുവന്‍ സ്വര്‍ണക്കടത്തുകളും അന്വേഷിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: