കൊട്ടാരക്കര: കൃഷി ഓഫീസര്‍മാരില്ല, കൊട്ടാരക്കര ബ്ലോക്ക് പരിധിയില്‍ കാര്‍ഷികപദ്ധതികളെല്ലാം താളം തെറ്റുന്നു. ഓണപ്രതീക്ഷയില്‍ കൃഷിയിറക്കിയവരും വലയുകയാണ്. സുഭിക്ഷകേരളം പദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കാര്‍ഷികപദ്ധതികളും അവതാളത്തിലാകുന്നു.
കൊട്ടാരക്കര മേഖലയില്‍ കരീപ്രയിലും വെളിയത്തും മാത്രമാണ് നിലവില്‍ കൃഷി ഓഫീസര്‍മാരുള്ളത്. കരീപ്ര കൃഷിഓഫീസര്‍ക്ക് കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടറുടെയും എഴുകോണ്‍, നെടുവത്തൂര്‍ കൃഷിഭവനുകളുടെയും അധികചുമതല നല്‍കിയിരിക്കയാണ്. വെളിയം കൃഷി ഓഫീസര്‍ക്ക് വെളിയത്തിന് പുറമെ കൊട്ടാരക്കര കൃഷിഭവന്റെയും ചുമതല നല്കി. പൂയപ്പള്ളി കൃഷിഓഫീസര്‍ തിരുവനന്തപുരം സ്വദേശിയായതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. കൃഷി ഓഫീസര്‍മാരില്ലാത്തതിനാല്‍ കാര്‍ഷികപദ്ധതികളെല്ലാം പലവഴിക്കായി.
നെല്‍ക്കൃഷി, സമ്മിശ്രകൃഷി, പച്ചക്കറി കൃഷിയടക്കം ഒട്ടേറെ പദ്ധതികളാണ് സുഭിക്ഷകേരളം പദ്ധതിയിലൂടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. വിത്തും വളവും സാമ്പത്തിക സഹായവുമൊക്കെ പ്രതീക്ഷിച്ചാണ് കര്‍ഷകരും പുതുകര്ഷകരും മണ്ണിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. തരിശ് ഭൂമികളില്‍ കൃഷിയിറക്കാന്‍ യുവജന സംഘടനകളും ഗ്രന്ഥശാലകളും സമുദായ സംഘടനകളും ക്ഷേത്രഭരണസമിതികളുമൊക്കെ മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും നല്കാന് കൃഷി ഓഫീസര്‍മാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
നെല്‍ക്കൃഷിക്ക് വിത്തും വളവും അനുബന്ധസൗകര്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ട സമയത്ത് ലഭ്യമാക്കാന്‍ കഴിയുന്നില്ല. കാറ്റും മഴയും കനത്തനാശം വിതച്ച കൃഷിയിടങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. നഷ്ടങ്ങളുടെ കണക്കുപുസ്തകം മാറ്റി കാര്‍ഷിക ലാഭത്തിന് നാളെണ്ണിയിരുന്നവര് ഇപ്പോള്‍ സങ്കടക്കടലിലാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിപോലും വിളയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിഷമങ്ങളുണ്ടാക്കും. അടിയന്തരമായി കൃഷിഓഫീസര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാലവര്‍ഷത്തെ അവഗണിച്ച് കൃഷിയിറക്കിയവരും ഇപ്പോള്‍ നഷ്ടക്കണക്ക് പറഞ്ഞ് തുടങ്ങി. ദുരിതങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അലംഭാവം കാര്ഷികകുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: