കൊല്ലങ്കോട്: വനമൃഗശല്യത്തിനിടെയും പച്ചക്കറി കൃഷിയിറക്കിയ പനങ്ങാട്ടിരിയിലെ കര്‍ഷകര്‍ക്ക് വീണ്ടും നഷ്ടങ്ങള്‍ മാത്രം. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാന വിപണന കേന്ദ്രങ്ങളില്‍ വില്‍പ്പനയില്ലാത്തതും, വിപണിയിലെ വിലക്കുറവാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മലയോര മേഖലയോട് ചേര്‍ന്ന് സ്ഥലം പാട്ടത്തിനെടുത്തും, സ്വന്തം സ്ഥലത്തും കൃഷിയിറക്കിയവരാണ് ഏറെയും. വന്യമൃഗങ്ങളുടെ കൃഷിനാശത്തിനിടയിലും നല്ല വിളവ് ലഭിച്ചെങ്കിലും തുച്ഛമായ വിലക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ഇവര്‍.
പാവല്‍, പടവലം, വെണ്ട, പയര്‍ തുടങ്ങിയവയാണ് പനങ്ങാട്ടിരിയിലെ പ്രധാന കൃഷി. അത്യുത്പ്പാദനശേഷിയുള്ള മായ എന്ന വിത്തനത്തില്‍പ്പെട്ട പാവലിന് മികച്ച വിളവാണ് ഉണ്ടായിരിക്കുന്നത്. കിലോയ്‌ക്ക് 30 മുതല്‍ 40 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ 15 മുതല്‍ 20 രൂപ വരെയെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ.
മഴ കനക്കുന്നതോടെ ഇല ചീയല്‍, പന്തല്‍ വീഴുക തുടങ്ങിയ പ്രതിസന്ധികളും കര്‍ഷകര്‍ നേരിടേണ്ടി വരും. ബാങ്കില്‍ നിന്നും വായ്പ എടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. പനങ്ങാട്ടിരി നാരങ്ങാകളത്തിലെ ശിവകുമാറിന് പാവല്‍ കൃഷിയില്‍ മികച്ച വിളവ് ലഭിച്ചെങ്കിലും പൊതുവിപണിയിലെ വിലക്കുറവ് ഇരുട്ടടിയായതായി പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് പട്ടക്കറി സംഭരിച്ച് മികച്ച വില ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: