നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറിയും ക്രമക്കേടുമെന്ന് ആരോപണം. പതിനാറ് വാര്‍ഡിലും ഒന്‍പത് വീതം മേറ്റുമാരെ തെരഞ്ഞെടുത്തപ്പോള്‍ ബിജെപി ഗ്രാമപഞ്ചായത്ത് അംഗം ഉള്ള ഏഴാം വാര്‍ഡില്‍ മാത്രം പതിനൊന്ന് മാറ്റുമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തൊഴിലെടുക്കാത്ത സിപിഎം അനുഭാവികളെ കൂടി മാറ്റ് ആക്കിയത്. 25 ദിവസം തൊഴില്‍ എടുക്കുന്നവര്‍ക്ക് മാത്രമേ മാറ്റ് സര്‍ട്ടിഫിക്കറ്റ് നല്കാന് പാടുള്ളുവെന്ന നിയമം കാറ്റില്‍ പറത്തിയാണ് ചേളന്നൂര്‍ ബിഡിഒ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ഏഴാം വാര്‍ഡില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ പരിഗണിക്കാതെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലെടുക്കാത്ത ആളെ പുതിയ മാറ്റായി നിശ്ചയിച്ചത്. തൊഴിലാളികളുടെ ആവശ്യപ്രകാരം വാര്‍ഡ് അംഗം ക്ലാസ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കൂടുതല്‍ തൊഴില്‍ എടുത്ത ആളുടെ പേര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രാം ഓഫീസര്‍ ആയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് അംഗത്തിന്റെ സാന്നിധ്യത്തില്‍ കൃത്യമായി തൊഴിലെടുത്ത ആളെ മാറ്റ് ആക്കാന്‍ നിര്‍ദ്ദേശവും നല്കി. എന്നാല്‍ ഇതിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു ശക്തമായി എതിര്‍ക്കുകയും മൂന്ന് സിപിഎം അനുകൂലികളായ മാറ്റ്മാരെ ഒന്ന് മുതല്‍ മൂന്ന് വരെ എഴുതി കൃത്യമായി തൊഴിലെടുത്ത മറ്റുള്ളവരെ പിന്നിലാക്കി ഇതാണ് നടപ്പാക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് സെക്രട്ടറിയും ഇത് അംഗീകരിച്ചു. സംഭവത്തെകുറിച്ച് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ ബോര്‍ഡ് തിരുമാനമാണിതെന്നും എന്നത്തെ ബോര്‍ഡ് യോഗമാണെന്ന് ചോദിച്ചപ്പോള്‍ അത് തനിക്ക് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്.
തൊഴിലുറപ്പ് വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ മുന്‍ എഇ എഴുതി വെച്ചതാണെന്ന പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. മാറ്റ്മാരും ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയിലൂടെ വ്യാജ ഒപ്പിട്ട് പണം വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്ന മാറ്റ്മാരുടെ കാലത്തെ തിരിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് തൊഴിലാളികള്‍. നന്മണ്ടയില് തൊഴിലുറപ്പ് വിഭാഗത്തില്‍ എല്ലാവരും കരാര്‍ ജീവനക്കാരാണ്. യോഗ്യതയ്ക്ക് അപ്പുറം ഇടത് കുടുംബത്തില്‍പ്പെട്ടവരെ നോക്കിയാണ് ഇവിടെ നിയമനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളുടെ വാര്‍ഡുകളില്‍ തൊഴില്‍ എടുക്കുന്നത് വൈകിപ്പിക്കുക. റോഡ് നടപ്പാത പണി പരമാവധി തടസപ്പെടുത്തുകയാണ് ഇവിടെ സി പി എമ്മിന്റെ ചട്ടുകമായി എത്തുന്ന ഓവര്‍സിയര്‍മാര്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. നന്മണ്ടയിലെ മിക്ക വാര്‍ഡുകളിലും തൊഴിലുറപ്പ് പണി നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഏഴാം വാര്‍ഡില്‍ ഇന്നലെയാണ് തുടങ്ങിയത്. അന്‍പതോളം തൊഴിലാളികള്‍ ജോലിക്കെത്തിയെങ്കിലും അധികൃതര്‍ മസ്റ്റര്‍ റോള്‍ എത്തിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഒപ്പിടാന്‍ കഴിഞ്ഞില്ല. തൊഴില്‍ എടുക്കുന്നത് വൈകിപ്പിച്ച് ജനരോഷം വാര്‍ഡ് മെമ്പര്‍ക്കെതിരെ തിരിച്ചുവിടുകയാണ് ലക്ഷ്യം.
പഞ്ചായത്ത് പല വാര്‍ഡുകളിലും റോഡിനായി വകയിരുത്തിയ അഞ്ച് ലക്ഷം വീതം ഇപ്പോള്‍ സാമ്പത്തിക പ്രയാസം എന്ന് പറഞ്ഞ് ഒഴിവാക്കി. ഇതെല്ലാം തൊഴിലുറപ്പ് റോഡാക്കി മാറ്റുകയാണ് ചെയ്തത്. സമീപ പഞ്ചായത്തുകളായ പനങ്ങാട്, ഉണ്ണികുളം എന്നിവയെ വെച്ച് നോക്കുമ്പോള്‍ നന്മണ്ടയില് തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി നടപ്പാക്കുന്നതില്‍ കനത്ത പരാജയമാണ്. നന്മണ്ട ഏഴാം വാര്‍ഡില്‍ പത്ത് വര്‍ഷത്തോളം ഒരു മേറ്റ് ആയിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയതോടെയാണ് ഒരു തവണ മാറ്റിനെ മാറ്റിയത്.
ഇവര്‍ ഭരണപക്ഷ അനുകൂലി അല്ലാത്തതിനാല്‍ പതിനാല് ദിവസം കഴിഞ്ഞ് മാറ്റ് മാറണമെന്നുള്ള നിയമ പ്രശ്നം പറഞ്ഞ് ഇപ്പോള്‍ വീണ്ടും തൊഴില്‍ കൃത്യമായി എടുക്കാത്ത ആളെ തന്നെ ഒന്നാമത് ആക്കിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: