കോട്ടയം: യുഡിഎഫ് പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതിനുള്ള തയാറെടുപ്പുകള്‍ സിപിഎം ആരംഭിച്ചു. മുഖ്യ ഘടക കക്ഷിയായ സിപിഐ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് നീങ്ങാനാണ് സിപിഎം നേതൃത്വം തത്ത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതിന്റെ സൂചനകള്‍ ജില്ലാഘടകത്തിലും പ്രകടമാണ്. അഴിമതിയുടെ പര്യായമായി കെ.എം. മാണിയെ വിശേഷിപ്പിച്ച് തെരുവില്‍ നടത്തിയ സമരങ്ങളെല്ലാം വിസ്മരിച്ചാണ് പുതിയ ബാന്ധവത്തിന് വഴിയൊരുക്കുന്നത്. ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ബാര്‍ കോഴ ആരോപണങ്ങളെല്ലാം വിഴുങ്ങി മധ്യകേരളത്തില്‍ നിലമെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് നിലവില്‍ സിപിഎമ്മിനുള്ളത്. ജോസ് വിഭാഗത്തെ ഏത് വിധേനയും പാളയത്തില്‍ എത്തിക്കാനുള്ള നീക്കത്തിന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്.
സിപിഐ ഒഴികെയുള്ള എല്ലാ ഇടതുപക്ഷ കക്ഷികളും ഏതാണ്ട് സിപിഎം തീരുമാനത്തോട് യോജിച്ചതായിട്ടാണ് അറിയുന്നത്. കെ.എം. മാണിയെ കേസില്‍ കുടുക്കിയ ഇടതുപക്ഷത്തിന്റെ ഭാഗം ആകാനുള്ള നീക്കത്തിനെതിരെ ജോസ് വിഭാഗത്തില്‍ വലിയ പൊട്ടിത്തെറിയും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. റോഷി അഗസ്റ്റിന് എംഎല്‍എയും, തോമസ് ചാഴിക്കാടന് എംപിയും ഇടത് ബന്ധത്തിനെതിരാണ്. ഇടതു പാളയത്തില്‍ എത്തിയാല്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടാകുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ റോഷിയെയും ചാഴിക്കാടനെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ജോസ് കെ. മാണിയും ആസൂത്രണം ചെയ്യുന്നതായാണ് അറിയുന്നത്. ക്രൈസ്തവ സഭയ്ക്കും ജോസിന്റെ ഇടത് ബന്ധത്തോട് നിലവില്‍ താത്പ്പര്യമില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: