കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി കണ്ടെത്തി. ജീവനക്കാരുടെ കൈവശം നിക്ഷേപ തുക നല്കുന്നവര്ക്കുവേണ്ടി നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ എഴുതാറുണ്ട്. എഴുതിയശേഷം നിക്ഷേപകന് നല്കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊന്നാകും.
ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ചില ജീവനക്കാരുടെ പക്കലുണ്ട്. ഇതില്‍ സീല്‍ അടിച്ച് തുകയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി നിക്ഷേപകന് നല്‍കും. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ജീവനക്കാരന്‍തന്നെ അടുത്ത ദിനങ്ങളില്‍ തിരികെ കൊണ്ടുവന്ന് നിക്ഷേപ തുക പിന്‍വലിക്കുന്നതാണ് രീതി. ലക്ഷങ്ങളുടെ തിരിമറി ഈ വിധത്തില്‍ നടത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ചയാളുടെ പക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാകില്ല. ആവശ്യപ്പെടുന്ന സമയത്ത് പലിശ കണക്കാക്കി വീട്ടിലെത്തിക്കുന്നതിനാല്‍ മറ്റ് സംശയങ്ങളുമില്ല.
ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരം പുറത്തുവന്നുതുടങ്ങിയപ്പോഴാണ് നിക്ഷേപകര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയത്. പലരുടെയും അക്കൗണ്ടില്‍ നിക്ഷേപ തുക ഇല്ലെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഭരണസമിതിയുടെ ഒത്താശയോടെയാണ് ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ഭരണസമിതി തയ്യാറാകുന്നില്ല.
വായ്പയിലും വന്‍ക്രമക്കേട്
കൊട്ടാരക്കര: അഞ്ചുലക്ഷം രൂപയാണ് നെടുവത്തൂര്‍ സഹകരണബാങ്കില്‍ നിന്നും ഒരാള്‍ക്ക് നല്കാവുന്ന പരമാവധി വായ്പ. എന്നാല്‍ ഒരു പ്രമാണംവച്ചുതന്നെ ഇരുപതും മുപ്പതും ലക്ഷം രൂപ വായ്പ നല്‍കുന്നതും പതിവാണ്. ഒരാളുടെ പേരില്‍ത്തന്നെയോ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലോ വായ്പ അനുവദിച്ച് നല്‍കും.
ഒരു പ്രമാണത്തിന്റെ പേരിലുള്ള വായ്പയായതിനാല്‍ തിരിച്ചടവ് മുടങ്ങിയാലും കേസ് നടപടികളിലേക്ക് തിരിയാന്‍ ബാങ്കിന് കഴിയില്ല. പ്രമാണവും അനുബന്ധ രേഖകളും ഈടാക്കിവച്ച് അഞ്ചുലക്ഷം രൂപ മാത്രമേ വായ്പ എടുത്തിട്ടുള്ളൂവെങ്കിലും ഇതേ പ്രമാണവും രേഖകളും വച്ച് മറ്റുപലരുടെയും പേരില്‍ വായ്പ അനുവദിക്കുന്നതും ഇവിടെ പതിവാണ്. ഈ തുക ജീവനക്കാരനോ ഭരണസമിതി അംഗങ്ങളോ വീതം വച്ചെടുക്കും. ഇത്തരത്തില്‍ ബിനാമി ലോണുകള്‍ ഏറെ ഉണ്ടെന്നാണ് വിവരം. വ്യാജരേഖകള്‍ ചമച്ചും വായ്പയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ചും വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: