തൊടുപുഴ: ലോക് ഡൗണില്‍ ഇളവ് നല്കി നാടും നഗരവും ഉണര്‍ന്നിട്ടും വ്യാപാര മേഖലയില്‍ മരവിപ്പ്. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായി.
ഇളവുകള്‍ നല്കിയ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാല്‍ ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. ആ പ്രതീക്ഷയ്ക്ക് ആണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലുണ്ടായിട്ടും നഗരത്തില്‍ ജന തിരക്ക് നന്നേ കുറവ്. ദിവസം 10000 രൂപയോളം വില്പനയുണ്ടായിരുന്ന ചെറിയ സ്ഥാപനങ്ങളില്‍ വരെ ഇപ്പോള്‍ ഉള്ള വിറ്റ് വരവ് 2000 രൂപയോളം മാത്രമാണ്.
ഇങ്ങനെ എത്ര നാള് പിടിച്ചു നില്ക്കാന് കഴിയും എന്നാണ് പലരും ചോദിക്കുന്നത്. കൊറോണ രോഗികള്‍ ദിവസേന കൂടുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങളെ പൊതു ഇടങ്ങളില്‍ നിന്നും അകറ്റുന്നു. ബസ്കൂലിയും ഗണ്യമായി വര്‍ദ്ധിപ്പിച്ചതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് നഗരത്തിലേക്ക് എത്തുന്നുള്ളൂ. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതും കച്ചവട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി.
പലരും വാടക കൊടുക്കുവാന്‍ പോലും നന്നേ ബുദ്ധിമുട്ടുന്നു. ബസ് സര്‍വീസ് ആരംഭിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളില്‍ ഉണര്‍വ് ഉണ്ടാകാത്തത് ചില സൂചനകളാണ് നല്‍കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഇതേ പോലെ കുറച്ച് നാള് കൂടി നീണ്ടു നില്‍ക്കാനാണ് സാധ്യത. നഗരത്തില്‍ തിരക്ക് കുറവായത് ഓട്ടോറിക്ഷകള്‍ക്കും തിരിച്ചടിയായി.
കൊറോണ ലോക് ഡൗണ്‍ കഴിഞ്ഞ് പ്രതീക്ഷയോടെ കച്ചവടം പുനരാരംഭിച്ചവര്‍ക്ക് നിരാശയുടെ നാളുകളാണ് കടന്ന് പോകുന്നത്. അത്യാവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് തുറന്ന് പ്രവര്ത്തിട്ടും ദൈനംദിന ചെലവുകള്‍ക്ക് പോലുമുള്ള തുക കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നില്ലാ എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: