മൂലമറ്റം: അറക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിയതിനാല്‍ സാധാരണക്കാര്‍ ദുരിതത്തില്‍. ജീവനക്കാരുടെ കുറവ് മൂലമാണ് കിടത്തി ചികിത്സ നിര്‍ത്തിയതെന്നാണ് വിവരം. രണ്ട് നേഴ്സിങ് അസിസ്റ്റന്റുമാര്‍ പെന്ഷന് ആയതിന് ശേഷം ഈ തസ്തികയില്‍
പുതിയ നിയമനം നടത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നേഴ്സിനെ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചു. മറ്റൊരു നഴ്സിന്റെ കുട്ടി അന്യസംസ്ഥാനത്ത് നിന്ന് വന്നതിനാല്‍ നിരീക്ഷണത്തിലുമാണ്. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിദേശത്തേക്ക് ലീവെടുത്ത് പോയിട്ടുണ്ട്.ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഡിഎംഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയതുമാണ്.
ജീവനക്കാരുടെ കുറവ് ചൂണ്ടി കാട്ടി കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ ഇവിടെ പ്രവേശിപ്പിക്കാതെ തൊടുപുഴയ്ക്കും, ഇടുക്കിക്കും പറഞ്ഞ് വിടുകയാണ്. പതിനഞ്ചോളം കിടപ്പ് രോഗികള്‍ ഉണ്ടായിരുന്ന ഇവിടെ നിന്ന് എല്ലാവരേയും ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി.
മൂന്ന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഉള്ള ഇവിടെ ഒപിയില്‍ 400ല്‍ പരം രോഗികള്‍ മരുന്ന് വാങ്ങാന്‍ ദിവസേന എത്തിയിരുന്നതാണ്. മുട്ടത്തും അറക്കുളത്തും മാത്രമാണ് കിടപ്പു രോഗികള്‍ ഉണ്ടായിരുന്നത്.
ഇത് കഴിഞ്ഞാല്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ തൊടുപുഴയിലോ ഇടുക്കിയിലോ പോകണം. അറക്കുളം പഞ്ചായത്ത് വനവാസി മേഖലയായതിനാലും കുളമാവ് മുത്തിയുരുണ്ടയാര്‍, വലിയമാവ് മുതല്‍ പുള്ളിക്കാനംവരെയും ചക്കിമാലി, മുല്ലക്കാനം മുതല്‍ കൂവപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ അറക്കുളം ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്.
കിടത്തി ചികിത്സ നിര്‍ത്തിയതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മുട്ടത്തോ തൊടുപുഴയിലോ പോകേണ്ട അവസ്ഥയാണ്. വനവാസികളും സാധാരണക്കാരുമായ രോഗികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടാകുന്നു. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അറക്കുളം സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തിയത് സാധാരണക്കാരോടുള്ള അവഗണനയാണെന്നും, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജീവനക്കാരുടെ കുറവ് കാരണം: ഡോ. അനില
രണ്ട് നേഴ്സിങ് അസിസ്റ്റന്റ്മാര്‍ റിട്ടയര്‍ ആയതിനാലാണ് പ്രതിസന്ധി ഉണ്ടായത് എന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില പറഞ്ഞു. വിവരങ്ങള്‍ ഉന്നത അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് കാരണം രാത്രി ഡ്യൂട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
താഴ്ന്ന വിഭാഗത്തിലേക്കുള്ള നഴ്സിങ്ങ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ കഴിഞ്ഞിട്ടുണ്ട്. പ്രമോഷന് നല്കുവാനുള്ള കാലതാമസം മാത്രമാണ് ഉള്ളത്. നിലവില്‍ കുറവുള്ള ജീവനക്കാരെ നിയമിച്ചാല്‍ ഉടന്‍ കിടത്തി ചികിത്സ അനുവദിക്കും. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികമാണെന്നും കഴിവതും വേഗം പരിഹാരം കാണുമെന്നും മെഡിക്കല്‍ ചാര്‍ജ് ഓഫീസര്‍ ജന്മഭൂമിയോട് ഡോ. അനില പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: