കൊട്ടാരക്കര: സിപിഐയുടെ നിയന്ത്രണത്തിലുള്ള നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്. സ്ഥിരനിക്ഷേപ തുക കാണാതെ വന്നതോടെ ബ്രാഞ്ച് മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നെടുവത്തൂരിലെ പ്രമുഖ വിദ്യാലയത്തിന്റെ മാനേജരടക്കമുള്ളവരുടെ സ്ഥിരനിക്ഷേപത്തുക ബാങ്കില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രാഞ്ച് മാനേജര്‍ നല്കിയ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ തങ്ങളുടെ നിക്ഷേപം ബാങ്കില്‍ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാണ് ഭരണസമിതിയെ സമീപിച്ചത്. പോലീസിലും വിജിലന്‍സിലും പരാതി നല്‍കുമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ബാങ്കിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് രണ്ടു കോടി രൂപയുടെ ക്രമക്കേട് നടക്കുകയും രണ്ട് മാനേജര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് തിരിച്ചടപ്പിച്ചു. ബാങ്കില്‍ നിന്നുതന്നെ വായ്പ അനുവദിച്ചാണ് ഈ തുക തിരിച്ചടപ്പിച്ചത്. മാനേജര്‍മാരെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
സ്ഥിരനിക്ഷേപങ്ങള്‍ ജീവനക്കാര്‍ നേരിട്ടുപോയി ആളുകളില്‍ നിന്നും സ്വീകരിക്കുകയും നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്കുന്നതുമാണ് ഇവിടുത്തെ രീതി. തുക വാങ്ങുന്നെങ്കിലും ഇത് ബാങ്ക് അക്കൗണ്ടില്‍ വരവുവയ്ക്കാറില്ല. നിക്ഷേപകന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും സമയാസമയങ്ങളില്‍ പലിശ കണക്കാക്കി തുക വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്തുവന്നിരുന്നതാണ്. ഭരണസമിതിയുടെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നതെന്നാണ് ആരോപണം. അതേ ഭരണസമിതിയിലുള്ളവരെ 2019 ജൂലൈയില്‍ നടന്ന ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐ നേതൃത്വം നിയോഗിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നിപ്പുണ്ടാവുകയും 120 പേര് രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം നിയോഗിച്ചവര്‍ വീണ്ടും ഭരണസമിതിയിലെത്തുകയും ക്രമക്കേട് തുടരുകയുമായിരുന്നു. 35 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ തട്ടിപ്പ് കണ്ടെത്തിയിട്ട് ഒന്നര ആഴ്ച പിന്നിട്ടിട്ടും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തില്ല. നോട്ടീസ് നല്‍കുക മാത്രമാണ് ഉണ്ടായത്.
മുന്‍ മാനേജര്‍ മരണപ്പെട്ടതിനാല്‍ ക്രമക്കേട് മുഴുവന്‍ മരണപ്പെട്ടയാള്‍ നടത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ബാങ്കില്‍ നടന്നുവരുന്ന ചിട്ടികളിലും വ്യാപക തട്ടിപ്പുണ്ടെന്നാണ് വകുപ്പുതല ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ജീവനക്കാരും ബോര്‍ഡ് മെംബര്‍മാരുമാണ് ബിനാമി പേരുകളില്‍ ചിട്ടികളില്‍ ചേരുന്നതില്‍ അധികവും. നറുക്കെടുപ്പില്‍ കൃത്രിമം കാട്ടി ആദ്യചിട്ടികള് സ്വന്തമാക്കുകയും പിന്നീട് പണം അടയ്ക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. വായ്പയുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ബാങ്കിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും സഹകാരികളും കൊട്ടാരക്കര അസി. രജിസ്ട്രാര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: