കാവ്യജഗത്തിലെ മഹാത്ഭുതമേതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. വേദവ്യാസനെന്നു പേര്‍കൊണ്ട കൃഷ്ണദൈ്വപായനന്റെ മഹാഭാരതം. മാനവ സംസ്കൃതിക്കും മനുഷ്യപ്രതിഭയ്ക്കും വളര്‍ന്നെത്താവുന്നതിന്റെ പരമാവധിയാണത്. അതിനപ്പുറം ആരും പോയിട്ടില്ല. ഇനി പോകുമെന്ന് കരുതാനും മാര്‍ഗമില്ല. അത്രകണ്ട് സമ്പൂര്‍ണമാണ് മഹാഭാരതം. മാനവമനസ്സിന്റെ സമ്പൂര്‍ണ തലങ്ങളെല്ലാം കണ്ടെത്തി സകല സമസ്യകള്‍ക്കും ഉത്തരമേകിക്കൊണ്ട് ഉപനിഷത്ദര്‍ശനത്തെ വിശദമായവതരിപ്പിച്ചതാണ് വ്യാസന്റെ മികവ്.
പ്രപഞ്ചമാകമാനം അതില്‍ പ്രതിഫലിക്കുന്നു. കൃഷ്ണദൈ്വപായനന്‍ പറയാത്തതായി യാതൊന്നും മനുഷ്യ സ്വഭാവത്തില്‍ അവശേഷിച്ചിരിപ്പില്ല. ‘ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്ഥങ്ങളില് എന്തെല്ലാം ഇതിലുണ്ടോ അവ ലോകത്ത് പലയിടങ്ങളിലും കാണാം. ഇതിലില്ലാത്തത് മറ്റെങ്ങും കിട്ടുകയില്ല’ എന്ന വ്യാസപ്രസ്താവം ഇന്നും മഹാസത്യമായി തന്നെ അവശേഷിക്കുന്നു. വെടിക്കോപ്പും വഞ്ചനയും കൊണ്ട് ഭാരതത്തെ കീഴ്പ്പെടുത്തുവാന്‍ പണ്ടൊരു കാലത്ത് ബ്രിട്ടീഷുകാര്‍ക്കായി. എങ്കിലും ഈ നാടിന്റെ സാംസ്കാരിക സമ്പത്തിനു മുന്നില്‍ അവര്‍ക്കു പകച്ചു നില്‍ക്കേണ്ടി വന്നു. മഹാഭാരതമായിരുന്നു ആ വലിയ തലവേദന. കീഴമര്‍ത്തപ്പെട്ട ജനതയുടെ സാംസ്കാരികൗന്നത്യം പ്രതിപാദിക്കുന്ന ആ ബൃഹത്കൃതി ഉണ്ടായിട്ടില്ലെന്നു പറയാന്‍ നിവൃത്തിയില്ലാതെ പോയി. ആകെ സാധിക്കുന്നത് ഒരു പറ്റം വളച്ചൊടിക്കലുകളും ദുര്‍വ്യാഖ്യാനങ്ങളും മാത്രം. അതിന്റെ ഭാഗമായി മഹാഭാരതത്തെയും വേദവ്യാസനെയും ആസ്പദമാക്കിയുള്ള ഭാരതീയ സങ്കല്‍പ്പങ്ങളെയെല്ലാം അവര്‍ ചോദ്യം ചെയ്തു. തെളിവുകളുടെ പിന്‍ബലമില്ലാത്ത സത്യവിരുദ്ധമായ ആ വിഡ്ഢിത്തങ്ങളെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
എണ്ണമറ്റ കഥാപാത്രവ്യക്തിത്വങ്ങളും അതിസങ്കീര്‍ണമായ കഥാഗാത്രവും ഒരിന്ത്യക്കാരന് നിര്‍മിച്ചതാണെന്നു സമ്മതിക്കാന്‍ ഇരുകൂട്ടരും തയ്യാറല്ല. ഭാരതം ഒരു രാഷ്ട്രമെന്ന് സമ്മതിക്കാന്‍ ഇനിയും തയ്യാറില്ലാത്ത ഇടതുപക്ഷങ്ങള്‍ക്ക് അത് സാധ്യവുമല്ല. മഹാഭാരതം ഒരാളുടെ സൃഷ്ടിയാണെന്ന് വന്നാല്‍ അത് ഭാരതരാഷ്ട്രത്തിന്റെ പൗരാണികതയ്ക്കുള്ള തെളിവായി മാറും.
സര്‍പ്പസത്രത്തില്‍ പങ്കുകൊള്ളാന്‍ ശിഷ്യന്മാരോടൊപ്പം എത്തിച്ചേര്‍ന്ന വേദവ്യാസനോട് യജ്ഞദീക്ഷിതനായ ജനമേജയ മഹാരാജാവ് സ്വന്തം പിതാമഹന്മാരുടെ ചരിത്രം കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സന്തുഷ്ടനായ വ്യാസന് ശിഷ്യനായ വൈശമ്പായനോട് താന്‍ പഠിപ്പിച്ച മഹാഭാരതം ചൊല്ലിക്കേള്‍പ്പിക്കാന്‍ ആജ്ഞാപിച്ചു. സര്‍പ്പസത്രത്തിനു വന്നു ചേര്‍ന്നവരെല്ലാം കേള്‍വിക്കാരായി. എല്ലാം കേട്ടു ധരിച്ച ഉഗ്രശ്രവസ്സ് എന്നു പേരായ സൂതന്‍ പിന്നീട് തന്റെ തീര്‍ഥാടനങ്ങള്‍ക്കിടയ്ക്ക് നൈമിഷാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അക്കാലത്ത് ദ്വാദശവാര്‍ഷിക സത്രം നടത്തിക്കൊണ്ടിരുന്ന ശൗനകാദി ഋഷിവര്യന്മാരുടെ അഭ്യര്‍ഥന മാനിച്ച് സൂതന്‍ മഹാഭാരതം കേള്‍പ്പിച്ചു തുടങ്ങി.
വ്യാസരചിതമായ മഹാഭാരതത്തിന്റെ പ്രസിദ്ധീകരണകഥ ഇതാണ്. ഇതിനെ പിടിച്ചാണ് വ്യാസന് മാത്രമല്ല, വൈശമ്പായനും സൂതനും ശൗനകാദികളും അങ്ങനെ മറ്റനേകം പേരും ചേര്‍ന്നതാണ് മഹാഭാരത രചയിതാക്കളുടെ പരമ്പരയെന്ന് കോളനിപണ്ഡിതന്മാരും ഇടതുപക്ഷങ്ങളും വാദിക്കുന്നത്. മുകളില്‍ കൊടുത്തിരിക്കുന്ന കഥയെ ആസ്പദമാക്കി ഇങ്ങനെ വാദിക്കാന്‍ പറ്റുമോ എന്ന് സ്വയം ചോദിക്കുക. വ്യാസന് രചിച്ച കഥ പൊതുവേദിയില്‍ പാടിക്കേള്‍പ്പിച്ചവര്‍ മാത്രമാണ് വൈശമ്പായനും സൂതനും. മഹാഭാരതം പഠിച്ചു പാടിയവര്‍ എങ്ങനെ മഹാഭാരതം രചിച്ചവരാകും? മഹാഭാരതമെഴുതിയത് വ്യാസനാണെന്നതിന് ആയിരമായിരം തെളിവുകള്‍ അതില്‍ കിടക്കുന്നു. മഹാഭാരതമെന്ന വിശ്വോത്തരമായ ഇതിഹാസം രചിച്ച സത്യവതീ പുത്രനായ കൃഷ്ണദൈ്വപായനന്‍ അഥവാ വേദവ്യാസനെന്ന മഹാപ്രതിഭയെ സ്മരിക്കാം.
ഡോ. പൂജപ്പുര കൃഷ്ണന് നായര്‍
ഫോണ്‍: 9495627795
പ്രതികരിക്കാൻ ഇവിടെ എഴുതുക: