തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ചാനലായ കൈരളിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കി പിണറായി സര്‍ക്കാര്‍. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം പലതവണ ധനമന്ത്രി ഉള്പ്പെടടെ ആവര്‍ത്തിക്കുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടി ആയ നാം മുന്നോട്ടിന്റെ നിര്‍മാണകരാര്‍ കൈരളി ചാനലിനു നല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ പോലും വിളിക്കാതെ വഴിവിട്ടാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസാണ് ഉത്തരവിനു പിന്നില്‍. ബ്രിട്ടാസ് തന്നെയാണ് പരിപാടിയുടെ അവതാരകനും. ടെന്‍ഡര്‍ വിളിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമുള്ള കരാറില്‍ നിര്‍മ്മാണ ചെലവിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് ഓരോ എപ്പിസോഡിനും നീക്കിവച്ചിരിക്കുന്നത്. കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് പാര്‍ട്ടി ചാനലയായ കൈരളിക്ക് ലഭിക്കുക.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇപ്പോള്‍ പാര്‍ട്ടി ചാനലിനു കൊള്ളയടിക്കാനായി മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും പ്രസ്തുത പരിപാടിക്കായി സര്‍ക്കാര്‍ പത്തു കോടിയിലേറെ രൂപ ചെലവഴിച്ചു. കൈരളിക്ക് ടെന്‍ഡര്‍ കൂടാതെ കരാര്‍ നല്‍കിയത് വന്‍പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. ഇതു വകവയ്ക്കാതെയാണു ഇപ്പോള്‍ വീണ്ടും ക്രമക്കേടിലൂടെ കരാര്‍ കൈരൡക്ക് നല്‍കിയിരിക്കുന്നത്.
കരാറില്‍ ഓരോ എപ്പിസോഡിനും 2.32 ലക്ഷം രൂപയാണ് നിര്‍മാണ ചെലവിന് അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എപ്പിസോഡ് മാത്രമേ ഒരു തവണ ഷൂട്ട് ചെയ്യാനാകുന്നുള്ളുവെങ്കില് ഓരോ എപ്പിസോഡിനും മൂന്നു ലക്ഷം രൂപ വീതമാണ് നല്‍കുക. ഒരു ഷൂട്ടില്‍ ഒരു എപ്പിസോഡ് മാത്രമാണെങ്കില്‍ അഞ്ചു ലക്ഷം രൂപ ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്കുന്ന പ്രതിഫലം യാത്ര, താമസം എന്നിവ ഉള്‍പ്പെടെ 1.20 കോടിയോളം രൂപ ചെലവുണ്ടാവും. 2017ല്‍ തുടക്കമിട്ട പരിപാടി ആദ്യം സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റായിരുന്നു നിര്‍മിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൈരളിയുടെ മാതൃകമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്. 2019 ജൂലൈ നാലിലെ കരാര്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. തുടര്‍ന്ന് ടെന്‍ഡര്‍ പോലും വിളിക്കാതെ ഒരു വര്‍ഷത്തേക്ക് കൂടി അഞ്ചിരട്ടി തുകയ്ക്കു പരിപാടിയുടെ നിര്‍മാണകരാര്‍ കൈരളിക്കു നല്കി ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: