തൃശൂര്‍: മലയോര ഗ്രാമമായ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകരില്‍ പകുതിയോളം പേരും ഇക്കുറി വിരിപ്പു കൃഷി ഉപേക്ഷിക്കുന്നു. 14 ഹെക്ടര്‍സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന കോടാലി പാടശേഖരത്തിലെ ഏകദേശം 7 ഹെക്ടറില്‍ മാത്രമേ ഇക്കുറി കൃഷിയിറക്കുകയുള്ളൂ. ചരിത്രത്തിലാദ്യമായാണ് ഇവിടത്തെ കര്‍ഷകര്‍ ചിങ്ങം-കന്നി മാസങ്ങളില്‍ കൊയ്‌ത്തു നടത്താവുന്ന വിരിപ്പു കൃഷി ചെയ്യാതിരിക്കുന്നത്.
2018 ലെ പ്രളയവും 19 ലെ വെളളപ്പൊക്കവും ഇവരെ ഏറെ സങ്കടത്തിലാക്കിയിരുന്നു. ആ രണ്ടുവര്‍ഷങ്ങളിലും കൊയ്യാനാവാതെ കൃഷി പൂര്‍ണമായും നശിച്ചിരുന്നതിന്റെ ഭീതിയിലാണ് ഇക്കുറി വിരിപ്പു കൃഷി ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാലങ്ങളായി പുഞ്ചയും മുണ്ടകനും വിരിപ്പുമായി മൂന്നും പൂവും കൃഷിചെയ്തിരുന്നവരാണ് കോടാലി പാടശേഖരത്തിലെ കര്‍ഷകര്‍. പിന്നീട് പലപ്പോഴും പുഞ്ചയെ ഒഴിവാക്കിയപ്പോഴും വിരിപ്പുകൃഷിയെ വിടാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നു.
ഇത്തവണയും നിലമൊരുക്കലൊക്കെ നടത്തിയെങ്കിലും ഓര്‍മയിലെ പ്രളയനാളുകള്‍ ഇവരെ പിന്നോട്ടടുപ്പിക്കുകയാണ്. ഇക്കുറി പ്രളയജലമൊഴുകിയെത്തിയാല്‍ തങ്ങള്‍ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചരിവാണ് ഒറ്റപ്പൂവ് മാത്രം കൃഷിയിറക്കിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക്് ഈ കര്‍ഷകരെ നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: