കൊടകര: ഇടതുകാലില്ലെങ്കിലും ഇടനെഞ്ചില്‍ നിന്നുയരുന്ന ഹൃദയമിടിപ്പിന് ഇലത്താളത്തിന്റെ നാദം. ആശാനും അരങ്ങേറ്റവുമില്ലാത്ത ഇലത്താളവുമായി വാദ്യവേദികളില്‍ പതിറ്റാണ്ടുകളോളം പങ്കെടുത്ത നന്തിപുലം കൊറ്റായില്‍ ഗോപി എന്ന 58 വയസുകാരന് പൂരവും പൂരപ്പറമ്പും ഓര്‍മയിലെത്തുമ്പോള്‍ കണ്ണുനനയും.
നന്തിപുലം കൊറ്റായില്‍ പാറുക്കുട്ടിയമ്മയുടേയും കാരയില്‍ കൊച്ചുഗോവിന്ദന്‍ നായരുടേയും മകനായ ഗോപി ആറാം ക്ലാസ്സു വരെയാണ് വിദ്യാഭ്യാസം നേടിയത്. പിന്നെ നന്തിപുലം കിഴക്കേ കുമരഞ്ചിറ, പയ്യൂര്‍ക്കാവ് ദേവീക്ഷേത്രങ്ങളിലെ പാനപ്പറ യോഗങ്ങളില്‍ കുത്തുവിളക്കുകാരനായും കുറ്റിക്കാരനായും പങ്കെടുത്തു. മേളം കണ്ടും കേട്ടും ഇലത്താളം വശമാക്കി. പിന്നീട് ഇലത്താളക്കാരനായാണ് യാത്ര. 12 വയസ്സുള്ളപ്പോള്‍ പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലാണ് ആദ്യമായി പൂരത്തിന് കൊട്ടുന്നത്. പോറോത്ത് കുട്ടപ്പന്‍മാരാര്‍, രാമമാരാര്‍, ഗോപാലമാരാര്‍, കൃഷ്ണന്‍കുട്ടിമാരാര്‍ എന്നിവരോടൊത്ത് അനവധി പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഗോപിയുടെ താളമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറമേളത്തില്‍ വ്യാഴവട്ടക്കാലം പങ്കെടുത്തു. ആറാട്ടുപ്പുഴയില ദേവസംഗമം, ഊരകം, പെരുവനം, തൃപ്രയാര്‍, ഇടക്കുന്നി, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, നെന്മാറ തുടങ്ങി മേളപ്രധാന വേദികളിലെല്ലാം ഗോപിയെത്തി. അന്ന് ഉത്സവ സീസണ്‍ പിന്നിട്ടാല്‍ ചുമട്ടുതൊഴിലാളിയായി. നിര്‍മാണസാമഗ്രികളുമായെത്തുന്ന വാഹനങ്ങളിലെ കയറ്റിറക്കു ജോലിയിലും ഗോപി സജീവമായിരുന്നു.
23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ജീവിതം വഴിമുട്ടുമെന്നതിനാല്‍ ഊന്നുവടിയും കുത്തിപ്പിടിച്ച് രണ്ട് വര്‍ഷത്തോളം സമീപത്ത് കൊപ്ര കുത്താന്‍ പോയി. തോല്‍ക്കാത്ത മനസിന്റെ മോഹങ്ങള്‍ക്കു ചിറകു വച്ച പോലെ കൃത്രിമക്കാലുമൂന്നി ഇലത്താളവുമായി വീണ്ടും പത്തുവര്‍ഷം ഗോപി വാദ്യവേദികളിലെത്തി. എന്നാല്‍ ദുര്‍വിധി പിന്തുടര്‍ന്നു. എളിയിലെ എല്ലുതേയ്മാനത്തെത്തുടര്‍ന്ന് വലതുകാലും തളര്‍ന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതോടെ ഗോപിക്ക് തീരെ നടക്കാനാവാതെയായി. നിരാശനാകാതെ ജില്ലാപഞ്ചായത്തില്‍ നിന്ന് ലഭിച്ച മുച്ചക്രവണ്ടിയുമായി ഗ്രാമവീഥികളില്‍ ലോട്ടറി വില്‍പ്പനക്കാരനായി. 100 ടിക്കറ്റെടുത്ത് വില്‍പ്പന നടത്തിയാല്‍ പെട്രോള്‍ ചെലവ് കഴിഞ്ഞ് 350 രൂപ ദിവസം കിട്ടിയിരുന്നു. കൊറോണയുടെ രൂപത്തിലെത്തിയ ദുരിതം അതുമില്ലാതാക്കി. ജീവിതത്തില്‍ കഷ്ടതയുടെ പൊടിപിടിച്ചു നീറുമ്പോഴും ഇലത്താളത്തിലെ പൊടിതുടച്ചു മിനുക്കാന്‍ ഗോപി മറക്കാറില്ല. ഓരോ പൂരവും ഗോപിക്ക് പ്രതീക്ഷകളുടെ നാളെയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇലത്താളവാദനത്തില്‍ തനിക്ക് ഇനിയുമൊരു ബാല്യമുണ്ടെന്നു വിശ്വസിക്കാനാണ് ഗോപിക്കിഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: