പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മുക്തരായവരുടെ എണ്ണം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും ഒരു തവണ നെഗറ്റീവായി പരിശോധനാഫലം ലഭിച്ചവരെ കൂട്ടമായി ഡിസ്ചാര്‍ജ് ചെയ്തതാണ് രോഗമുക്തരുടെ എണ്ണം ഉയരാന്‍ സഹായകമായത്.
സംസ്ഥാനത്തെ ഇതുവരെയുള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തിയാണ് ഇന്നലെ ലഭിച്ചത്. 202 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി. പോസിറ്റീവ് ആയവരേക്കാള്‍ കൂടുതല്‍ രോഗമുക്തി എന്നത് ആരോഗ്യവകുപ്പിന് നേട്ടവുമായി. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഒരു തവണ നെഗറ്റീവാകുന്നവരെയും ആശുപത്രി വിടാന്‍ അനുവദിക്കാമെന്ന പുതിയ ഉത്തരവാണ് സംസ്ഥാനത്തും തിടുക്കത്തില്‍ നടപ്പാക്കിയത്. പുതിയ ചികിത്സാ രീതി കേരളത്തില്‍ ബുധനാഴ്ചയാണ് നിലവില്‍ വന്നത്. അതിനുശേഷം രോഗമുക്തി നേടിയവരുടെ ആദ്യ കണക്കാണ് ഇന്നലെ പുറത്തുവിട്ടത്. കോവിഡ് ചികിത്സയില്‍ തുടര്‍ച്ചയായ രണ്ടു ഫലങ്ങള്‍ നെഗറ്റീവാകുന്നവരെ മാത്രമാണ് ചൊവ്വാഴ്ച വരെ ഡിസ്ചാര്‍ജ് ചെയ്തുവന്നിരുന്നത്.
പുതിയ സംവിധാനത്തില്‍ രോഗികളെ ആശുപത്രിയിലെത്തിച്ച് പത്തുദിവസം കഴിയുന്നതോടെ സ്രവ പരിശോധന ആരംഭിക്കും. രോഗലക്ഷണമില്ലാത്തവരെ പത്തുദിവസം കഴിയുമ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 14 ദിവസം കഴിഞ്ഞും പരിശോധിക്കും. പരിശോധനയില്‍ പോസിറ്റീവ് തുടരുകയാണെങ്കില്‍ ഓരോ രണ്ടുദിവസം ഇടവേളകളിലും പരിശോധന തുടരും. നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. പിന്നീടുള്ള ഏഴ് ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ ചിലരുടെ ആദ്യഫലം നെഗറ്റീവാണെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയാണെങ്കിലും കുഴപ്പമില്ലെന്നാണ് പുതിയ നയം. ഇത്തരക്കാരില്‍ നിന്നു രോഗം പകരില്ലെന്നാണ് നിഗമനം. കോവിഡ് പോസിറ്റീവാകുന്നവരെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് ഇനിയുള്ള പരിശോധനകളും ചികിത്സാ രീതികളും.
കൂടുതല്‍ പേര് രോഗികളായെത്തുന്ന സാഹചര്യത്തില്‍ രോഗമുക്തി വേഗത്തിലാക്കേണ്ടതും ആവശ്യമായി വന്നു. പല ജില്ലകളിലും പരിശോധനാഫലങ്ങള്‍ വൈകുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പത്തില്‍ താഴെ പരിശോധനാ ഫലങ്ങള്‍ മാത്രം ലഭിച്ച പത്തനംതിട്ടയില്‍ ഇന്നലെ എത്തിയ ഫലങ്ങളില്‍ 27 എണ്ണം പോസിറ്റീവായി മാറി. ജില്ലയില്‍ മാത്രം 1532 ഫലങ്ങള്‍ ഇനി ലഭിക്കാനുണ്ട്. ഇന്നലെ 111 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം സര്‍വൈലന്‍സ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ ഇവയുടെ ഫലങ്ങളും നിര്‍ണായകമാണ്. കോവിഡ് ചികിത്സാ രീതിയില്‍ വന്നമാറ്റത്തിലൂടെ സംസ്ഥാനത്തു രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ ഇനിയുള്ള ദിനങ്ങളിലും വര്‍ധന പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: