കൊച്ചി: കൊറോണ ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം കളമശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 5618 പേര്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇതില്‍ 284 പേര്‍ക്കാണ് വൈറസ് ബാധ സ്ഥീരികരിച്ചത്.
തീവ്ര ലക്ഷണങ്ങളുമായി കൊറോണ ട്രിയാജിലെത്തിയവരില്‍ 106 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഹൃദ്രോഗവും ന്യൂമോണിയയുമായി പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ മരിച്ചു.
കൊറോണ ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിന്റെ മൊത്തം 4,63,510 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 76 ശതമാനവും കൊറോണ ചികിത്സാ സംവിധാനങ്ങള്‍ക്കായാണ് വിനിയോഗിച്ചിരിക്കുന്നത്.
രാജ്യാന്തര മാനദണ്ഡത്തിലുള്ള അണുവിമുക്ത സജ്ജീകരണങ്ങളാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ക്യാമറ അടക്കം കര്‍ശനമായ സുരക്ഷാ സംവിധാനവും 24 മണിക്കൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: