ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോറോണ രോഗമുക്തി നിരക്ക് 59.43 ശതമാനമായി. നിലവില്‍ രാജ്യത്തെ രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് 1,27,864 എണ്ണം അധികം.
അതിനിടെ, അടിയന്തരമായി കൊറോണ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കണമെന്നും കുറിപ്പടി നല്കാന് സ്വകാര്യ ഡോക്ടര്‍മാരെ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദ്രുത ആന്റിജെന്‍ പരിശോധന പ്രയോജനപ്പെടുത്താനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,157 പേര് രോഗമുക്തരായി. 3,47,978 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ രാജ്യത്ത് 2,20,114 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,853 പേര്‍ക്ക് വൈറസ് ബാധിച്ചു. 507 പേര് മരിച്ചു. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 5,85,493 ആയി. മരിച്ചവരുടെ എണ്ണം 17,400 ആയി ഉയര്‍ന്നു.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1056 ആയി വര്‍ധിപ്പിച്ചു. ഇതോടൊപ്പം സാമ്പിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,17,931 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 88,26,585 സാമ്പിളുകളാണ് പരിശോധിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും 19,000ത്തില്‍ താഴെയാണ് പുതിയ വൈറസ് ബാധിതര്‍. നിലവിലെ അവസ്ഥ നിയന്ത്രണവിധേയമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: