ലഡാക്ക് : സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശത്തു നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ. ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇതു സംബന്ധിച്ച് ധാരണയായത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതുപ്രകാരം ഗാല്‍വാനിലെ നിയന്ത്രണരേഖയില്‍ നിന്നും അതിര്‍ത്തിയിലെ മറ്റു ചില സംഘര്‍ഷമേഖലയില്‍ നിന്നും ഇരു രാജ്യങ്ങളും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും തെക്കന്‍ ഷിന്‍ജിയാങ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ ചുഷുല്‍ ഔട്പോസ്റ്റിലാണ് ചര്‍ച്ചകള്‍ നടന്നത്.
ഗല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷത്തിനു ശേഷം നടക്കുന്ന മൂന്നാംഘട്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ലഡാക്കിലെ 14, 15, 17 പെട്രോളിങ് പോയിന്റുകളില്‍നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും.
ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെ യഥാര്‍ത്ഥ അതിര്‍ത്തി രേഖയില്‍നിന്ന് നൂറിലധികം മീറ്ററുകള്‍ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കുമെന്നാണ് ധാരണ. ഗല്‍വാന്‍ താഴ്വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളില്‍നിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും നേരത്തെ നടന്ന ചര്‍ച്ചകളില്‍ തന്നെ ധാരണയായിരുന്നു.
എന്നാല്‍ തീരുമാനത്തിന് പിന്നാലെ ചൈന കൂടുതല്‍ സ്ഥലങ്ങളില്‍ കടന്നുകയറി സൈനികവിന്യാസവും നിര്‍മാണവും നടത്തിയിരുന്നു. ഈ സാഹചര്യങ്ങളും സൈനിക മേധാവി യോഗത്തില്‍ ഉന്നയിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: