കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്ഷന് തട്ടിയ സംഭവം പുറത്ത് കൊണ്ടുവന്ന ബിജെപി ബൂത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ബോംബേറ്. ഒതയമ്പേത്ത് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 11 .30 തോടെ ബോംബേറ് നടന്നത്. ബോംബ് വീടിനു മുന്നിലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
അളപ്രയിലെ കൗസു അമ്മയുടെ പെന്ഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മാതൃസഹോദരീപുത്രിയുമായ സിപിഎം നേതാവ് സ്വപ്നക്കെതിരെ ഇരിട്ടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിന് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
കൗസുവിന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. പെന്ഷന് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിന് നേതൃത്വം നല്കിയ സരീഷ് കൗസുവിന്റെ ബന്ധു കൂടിയാണ്.
ഇരിട്ടി എസ്ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തുവരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവെടുത്തു. ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍, സിഐ എ. കുട്ടികൃഷ്ണന് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
മരണപ്പെട്ട നിരവധി ആളുകളുടെ പെന്ഷന് തട്ടിയെടുത്തതായും ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുവാനാണ് അക്രമം നടത്തിയതെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്. സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: