തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നമടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെട്ടതിനെ തുടര്‍ന്ന് പിണറായി സര്‍ക്കാരിന്റെ ശ്രമം വിഫലമാകുകയായിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കേന്ദ്ര ടൂറിസം വകുപ്പിന്റെ തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതിയില്‍പെടുത്തി 69.47 കോടി രൂപയാണ് ശിവഗിരിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വികസനത്തിന് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ യഥാസമയം പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തി. ഇതേ തുടര്‍ന്നാണ് കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതി താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് അട്ടിമറിക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണിപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരമാണ് പദ്ധതി പുനസ്ഥാപിച്ചതെന്ന് പറയുന്ന മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു.
കേരളത്തിന് അനുവദിച്ച മറ്റ് ചില തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതികളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. സമയത്ത് പദ്ധതി നിര്‍മ്മാണം തുടങ്ങാത്തതിനാലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. കേരള സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോഴും ലോകമെങ്ങുമുള്ള ശ്രീനാരായണീയരോടും കേരളത്തിലെ ജനങ്ങളോടുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കേരളം കേന്ദ്ര പദ്ധതികളോടു കാട്ടുന്ന നിസഹകരണ സമീപനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തില്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: