കാഞ്ഞാര്‍: അടിക്കടി പമ്പിങ് മോട്ടര്‍ കേടാകുന്നതിനാല്‍ കുടയത്തൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം വീണ്ടും മുടങ്ങി. കാഞ്ഞാര്‍ വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ രണ്ടാഴ്ച മുന്‍പ് നന്നാക്കിയ മോട്ടര്‍ ആണ് വീണ്ടും കേടായത്.
ഇത് മൂലം കുടയത്തൂര്‍, കൂവപ്പള്ളി, കോളപ്ര ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം വീണ്ടും തടസപ്പെട്ടു. കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്ന് കൂവപ്പള്ളി ഭാഗത്തുള്ള വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിച്ച് അവിടെ നിന്നുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. നിരന്തരം മോട്ടര്‍ കേടാകുന്നതിനാല്‍ ജലവിതരണം താറുമാറായ അവസ്ഥയാണ്.
മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ പലയിടത്തും വെള്ളം പമ്പ് ചെയ്യുവാന്‍ സാധിക്കുന്നില്ല ഇപ്പോള്‍ കേടായ മോട്ടര്‍ രണ്ടാഴ്ച മുമ്പാണ് നാന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കിയത്. ജലനിരപ്പ് താഴ്ന്ന് നില്ക്കുന്നതിനാല് ചെളിയും മണലും ഫുട്ട് വാല്‍വിലൂടെ മോട്ടറില്‍ എത്തിയാണ് കേടാകുന്നത്.
ഒരു സ്പെയര്‍ മോട്ടര്‍ പഞ്ചായത്തിന് ഉണ്ടെങ്കിലും അതും കേടായി ഇരിക്കുകയാണ്. ഇതിനാല്‍ സ്പെയര്‍ മോട്ടര്‍വെച്ച് പമ്പിങ് പുനരാരംഭിക്കുവാന്‍ സാധിക്കുന്നില്ല. പഞ്ചായത്തിന്റെ ജലവിതരണത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറ് കണക്കിന് കുടുബങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. കോളപ്ര ഏഴാംമൈല്‍ അമ്പലംകുന്ന് ഭാഗത്തേക്ക് പമ്പിങ് നടക്കുന്ന സമയത്തും വെള്ളം എത്തുന്നുണ്ടായിരുന്നില്ല. ഇവിടുത്തുകാര്‍ പണം മുടക്കി ലോറിയില്‍ വെള്ളം എത്തിച്ചാണ് കഴിഞ്ഞിരുന്നത്.
മലങ്കര ജലാശയത്തിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് ആയിട്ടും മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കിണര്‍ സൗകര്യം ഇല്ലാത്ത ഭൂരിഭാഗം ജനങ്ങള്‍ക്കും ആശ്രയമായ കുടിവെള്ള വിതരണമാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങുന്നത്. ചുറ്റും വെള്ളം തുളളി കുടിക്കാനില്ല എന്ന അവസ്ഥയിലാണ് കുടയത്തൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: