ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് മൂന്നു വര്‍ഷം കൊണ്ട് ചൈനയില്‍ നിന്ന് വാങ്ങിയെടുത്തത് ഒരു കോടിയിലേറെ രൂപ. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പദ്ധതി തയാറാക്കാനാണ് പണം വാങ്ങിയത്.
2006ല്‍ ചൈനീസ് എംബസി ഫൗണ്ടേഷന് സംഭാവനയായി നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇക്കാര്യം ചൈനീസ് എംബസിയുടെ വെബ് സൈറ്റിലുണ്ട്. അന്നത്തെ അംബാസിഡര്‍ സണ്‍ സൂയിയാണ് 2006 ജനുവരിയില്‍ പത്തു ലക്ഷം നല്‍കിയത്. 2006-2007ല്‍ ചൈനീസ് സര്‍ക്കാര്‍ ഫൗണ്ടേഷന് നല്‍കിയത് 90 ലക്ഷം രൂപയും.
അതിനു ശേഷം ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജീവ് ഫൗണ്ടേഷന് മൂന്നു സെമിനാറുകളും സംഘടിപ്പിച്ചു. 2008-2009ല്‍ രാജീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ചൈനയ്ക്കു വേണ്ടി ഏഴ് പഠന ഗവേഷണ പദ്ധതികളാണ് ഏറ്റെടുത്തത്.
ഏതു വിധേനയും ഇന്ത്യയും ചൈനയും തമ്മില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നു ഈ പഠനങ്ങളെല്ലാം. ഇതില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നേരിട്ടാണ് 90 ലക്ഷം നല്കിയതെന്നതും ശ്രദ്ധേയം. ഇത് ഈ അവിശുദ്ധ ബന്ധത്തിന്റെ ഗൗരവം കൂട്ടുന്നു.
ഇന്ത്യയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കോടികള്‍ കോഴ നല്‍കിയെന്നും ഈ കോഴ വാങ്ങിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള, സിപിഎം പങ്കാളിയായ, യുപിഎ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതെന്നുമാണ് വെളിവാകുന്നത്. കോഴ രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിനുമുള്ള സംഭാവനകളായാണ് ലഭിച്ചതെന്നു മാത്രം. ഇതേ സമയത്താണ്, 2008ല്‍, കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി, വിവരങ്ങള്‍ കൈമാറാന്‍ കരാര്‍ ഉണ്ടാക്കിയതും.
ഉന്നത സംഘം ചൈനയിലെത്തി
2009ല്‍ ഉഭയ കക്ഷി ബന്ധം ശക്തമാക്കാനെന്ന പേരില്‍ വലിയൊരു സംഘം ചൈന സന്ദര്‍ശിച്ചിരുന്നു. 1989ല്‍ രാജീവ് ചൈന സന്ദര്‍ശിച്ചതിന്റെ 20-ാം വാര്‍ഷികം സംഘടിപ്പിച്ച് അതിന്റെ പേരിലായിരുന്നു സന്ദര്‍ശനം.
വീരപ്പ മൊയ്ലി, സല്മാന് ഖുര്‍ഷിദ്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ വിനോദ്ശര്മ്മ, നീരജ ചൗധരി, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്റ് പ്രൊഫ. പ്രതാപ് ഭാനു മേത്ത, രാജീവ് ഫൗണ്ടേഷന് ട്രസ്റ്റിമാരായ പ്രൊഫ. അശോക് ഗാംഗുലി, ഡോ. ശേഖര്‍ രാഹ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ടായിരുന്നു. സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം ചൈനയുമായുള്ള ‘വ്യാപാരം ശക്തമാക്കുക’ യെന്നതായിരുന്നു.
ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍ സെമിനാറുകള്‍
ചൈനീസ് സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി അതേ വര്‍ഷം രാജീവ് ഗാന്ധി ഫൗണ്ടേഷന് രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചു. രണ്ടും ചൈനീസ് താത്പര്യങ്ങള്‍ക്ക് അനുസൃതം. അതിനു ശേഷം ഫൗണ്ടേഷന് രണ്ട് പഠനങ്ങളും ഏറ്റെടുത്തു. അതിലൊന്നാണ് ചൈനയുമായുള്ള സ്വതന്ത്ര വ്യപാര കരാര്‍. ഇന്ത്യയുടെ പുരോഗതിക്ക് ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ വേണമെന്നായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: