മംഗലപുരം: പള്ളിപ്പുറം ടെക്നോസിറ്റിയില്‍ ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനം നടത്താനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജന് മുന്നില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ശതകോടികളുടെ അഴിമതിയാണിത്. കേരളത്തിനകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേര്‍ന്നാണിത് നടത്തുന്നത്.
ലോകത്തിലെ ഏറ്റവും നല്ല കളിമണ്‍ ശേഖരം ഉള്ള പ്രദേശമാണ് സ്വകാര്യ കുത്തക കമ്പനികള്‍ക്ക് സര്‍ക്കാര്‍ തീറെഴുതി നല്‍കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ടെക്നോ സിറ്റിയിലെ ഖനന പ്രദേശം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഖനനം നടത്തി സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണിത്. പമ്പയിലെയും കണ്ണൂരിലെയും മണല്‍വാരലിന് നേതൃത്വം നല്കിയ അതേ സംഘമാണ് ടെക്നോസിറ്റിയിലുമെത്തിയത്.
മംഗലപുരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഖനനം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിത്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു പമ്പയില്‍ മണല്‍ നീക്കല്‍ നടന്നത്. കേരളത്തിന്റെ പ്രകൃതിസമ്പത്ത് സിപിഎം കൊള്ളയടിക്കുകയാണ്. പള്ളിപ്പുറത്തെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാന്‍ ബിജെപി പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് മുന്നറിയിപ്പു നല്കി.
ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ.ആര്. പദ്മകുമാര്‍, ജില്ലാ സെക്രട്ടറിമാരായ എം. ബാലമുരളി, എസ്. ജയചന്ദ്രന്, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ. ഉദയകുമാര്‍, വി.പി. മുരളീകൃഷ്ണന്, ചിറയിന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദീപ സുരേഷ്, ഭുവനചന്ദ്രന് നായര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിലോചന കുറുപ്പ്, മുന്‍ സംസ്ഥാന സമിതി അംഗം തോന്നക്കല്‍ രവി എന്നിവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
ഖനനനീക്കത്തില് പ്രതിഷേധിച്ച് ബിജെപി മംഗലാപുരം ജംഗ്ഷനില്‍ ഇന്ന് രാവിലെ 10 മണിക്ക് ധര്‍ണ നടത്തുമെന്ന് ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: