പരമയോഗ്യന്മാരെ കണ്ടെത്തുന്ന പ്രത്യേക തരം മെക്കാനിസം വശമുണ്ട് പിണറായിക്കും കൂട്ടര്‍ക്കും. സാധിക്കുമായിരുന്നെങ്കില്‍ ഹൈക്കോടതി, സുപ്രീംകോടതി ജസ്റ്റിസുമാരാകാന്‍ പറ്റിയ യോഗ്യന്മാരെയും അദ്ദേഹം കണ്ടുപിടിച്ച് അയച്ചേനെ. അത് സാധ്യമല്ലാത്തതുകൊണ്ടാണ് പാര്‍ട്ടി വക പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ സ്ഥാപിച്ച് അതിന് മുകളില്‍ സക്കീര്‍ ഹുസൈന്മാരെ കുടിയിരുത്തുന്നത്. നാട്ടുകാരും അണികളും വല്ലാണ്ട് മൂക്കത്ത് വിരല്‍ വെക്കുമ്പോള്‍ അച്ചടക്കം, അഹങ്കാരം എന്നൊക്കെ പറഞ്ഞ് ഒന്നു പുറത്താക്കും. പിന്നെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ ഒക്കെയായി കുടിയിരുത്തും. പരമയോഗ്യന്മാര് ഇത്രമേല്‍ തിങ്ങിനിറഞ്ഞ ഒരു പാര്‍ട്ടി ലോകത്ത് വേറെ കാണില്ല.
തലശ്ശേരിയിലേതോ പള്ളിക്കൂടത്തില്‍ പിടിഎ മെമ്പറായ ഒരു വിദ്വാനെ പിടിച്ച് ബാലവകാശകമ്മീഷന്‍ ചെയര്‍മാനാക്കിയ ഉളുപ്പില്ലായ്മ മാലോകര്‍ ചോദ്യം ചെയ്തപ്പോഴാണ് പരമയോഗ്യനെ കണ്ടെത്തുന്ന മെക്കാനിസം പിണറായി വിളമ്പിയത്. തലശ്ശേരി ഏരിയാ കമ്മറ്റിയംഗവും പിണറായിയുടെ കളിത്തോഴനുമായ ബാലന്റെ മകനെ കണ്ടാലറിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പാര്‍ട്ടി! ഓന് പറ്റിയൊരുദ്യോഗം തരപ്പെടുത്തിക്കൊടുത്തില്ലെങ്കില്‍ എന്ത് വര്‍ഗസ്നേഹം! പാര്‍ട്ടി അണികള്‍ തൊട്ട് നേതാക്കന്മാര് വരെ എല്ലാവനും വനിതാക്ഷേമത്തില്‍ വല്ലാണ്ട് കമ്പമുണ്ടായപ്പോഴാണല്ലോ കമ്മീഷന് ചെയര്മാന് പദവിയില്‍ ജോസഫൈനാണ് ഫൈന്‍ എന്ന് പിണറായി കണ്ടെത്തിയത്. മ്മളെ സഖാത്തികളെ മ്മളെ സഖാക്കള്‍ പീഡിപ്പിച്ചാല്‍ അത് നോക്കാന്‍ പാര്‍ട്ടിക്ക് കോടതിയും പോലീസ് സ്റ്റേഷനും സ്വന്തമായുണ്ടെന്ന് സിദ്ധാന്തിച്ച കോടതിയാണ് ജോസഫൈന്. അങ്ങനെ സിദ്ധാന്തിക്കാനാണുതാനും ആയമ്മയെ വനിതാകമ്മീഷന്റെ കുപ്പായം പുതപ്പിച്ച്, കറങ്ങുന്ന കസേരയിട്ടുകൊടുത്തത്.
വനിതാക്ഷേമം പോലെ സഖാക്കള്‍ക്ക് പ്രിയമാണ് ഇപ്പോള്‍ ബാലപ്രേമവും. അതങ്ങ് പൊറുക്കാനാകാതെ തികട്ടുമ്പോള്‍ പിന്നെ പോക്സോയായി, ജയിലായി, ശിക്ഷയായി. അപ്പോള്‍പിന്നെ മ്മക്കുണ്ട് കോടതിയും പോലീസ് സ്റ്റേഷനുമെന്നുമൊക്കെ മുന്നും പിന്നും നോക്കാതെ വിളിച്ചുപറയാന്‍ ഒരുത്തന് വേണം. അതിന് ചട്ടവും നിയമവും ലോകമര്യാദയുമൊക്കെ നോക്കിയിരുന്നാല്‍ ശരിയാവില്ല. അങ്ങനെയാണ് പിടിഎ അംഗമാവുക വഴി ശിശുക്ഷേമത്തില്‍ പരമയോഗ്യത നേടിയ സഖാവ് കെ.വി. മനോജ്കുമാര്‍ ബാലാവകാശകമ്മീഷന് ചെയര്‍മാനാവുന്നത്. സംഗതി ജുഡീഷ്യല്‍ പവറുള്ള പദവിയായതിനാല്‍ ജഡ്ജിമാരും നിയമപണ്ഡിതരുമൊക്കെയടങ്ങുന്ന ഒരു പാനലുണ്ടായിരുന്നുവത്രെ. പക്ഷേ അവരാരും സഖാവിനോളം പരമയോഗ്യരല്ലാത്തതിനാല്‍ പരിഗണിക്കപ്പെട്ടില്ല.
അല്ലെങ്കിലും പാര്‍ട്ടികേന്ദ്രങ്ങളിലെ പിടിഎ എന്നൊക്കെ പറഞ്ഞാല്‍ നിസ്സാര മുതലൊന്നുമല്ല. മൊകേരി ഈസ്റ്റ് യുപിഎസിലെ പിടിഎ ഭരിച്ച സഖാവിന്റെ പേര് അച്ചാരമ്പറമ്പത്ത് പ്രദീപനെന്നാണ്. ക്ലാസുമുറിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കെ.ടി. ജയകൃഷ്ണന് എന്ന അദ്ധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അരിഞ്ഞുകൊന്ന കേസിലെ ഒന്നാം പ്രതി. ആ കൊലപാതകത്തിന് ശേഷം അടഞ്ഞുകിടന്ന ആറാം ക്ലാസ് മുറി ഈ പരമയോഗ്യന്‍ കോടതിയും ജയിലുമൊക്കെ കഴിഞ്ഞ് ചുവന്ന മാലയുമണിഞ്ഞ് വന്ന് തുറന്നുകൊടുത്തു. അതേ പള്ളിക്കൂടത്തിലെ പിടിഎ നേതാവായി. അപ്പോള്‍ പിന്നെ പാര്ട്ടിക്കാരനാവുക, പാര്‍ട്ടി നിയന്ത്രിക്കുന്ന കേന്ദ്രത്തില്‍ പിടിഎ അംഗമാവുക എന്നതിനൊക്കെയപ്പുറം എന്ത് യോഗ്യതയാണ് ബാലാവകാശ കമ്മീഷന് ഭരിക്കാന്‍ വേണ്ടതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കണം.
സ്വന്തമായി കമ്മീഷനെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് പണ്ടും പിണറായിയുടേത്. അമ്മാതിരി കമ്മീഷനുകളാണ് ലോകത്തെത്തന്നെ വിസ്മയിപ്പിച്ച പലതരം കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുള്ളത്. പീഡനത്തിന്റെ തീവ്രത അളക്കാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കമ്മീഷനും ഇവിടെ പാര്‍ട്ടി വികസിപ്പിച്ചെടുത്തിരുന്നു എന്ന് നമ്മള് മറക്കരുത്. എ.കെ. ബാലന്, പി.കെ. ശ്രീമതി, പി.കെ. ശശി, എ. വിജയരാഘവന് തുടങ്ങി നിരവധി പരമയോഗ്യന്മാരുണ്ട് ഇങ്ങനെ പലതരം കമ്മീഷനെ നയിച്ചവരുടെ പട്ടികയില്‍. അതുകൊണ്ടാണ് വിജയന് പലപ്പോഴും ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും ആര്‍ക്കും അറിയില്ലെന്ന് പറയുന്നത്.
പ്രളയം, കൊറോണ തുടങ്ങി ജനങ്ങള്‍ പരിഭ്രാന്തിയില്‍ വലയുന്ന കാലത്താണ് പണ്ടും വിജയന് പരമയോഗ്യന്മാരെ നിയമിക്കാറുള്ളത്. സര്‍ക്കാര്‍ ചുമതലയേറ്റ് നാല് മാസം കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോകേണ്ടിവന്ന ചിറ്റപ്പന് ജയരാജന് പരമയോഗ്യന്റെ സര്‍ട്ടിഫിക്കറ്റ് പിണറായി തരപ്പെടുത്തിക്കൊടുത്തത് കേരളത്തെ പ്രളയത്തില്‍ മുക്കിത്താഴ്ത്തിയ അതേ ദിവസം രാത്രിയിലാണെന്ന് ഓര്‍ക്കണം. ചിറ്റപ്പനും ഇളേപ്പനുമൊക്കെ മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്നത് വിജയന് നീട്ടിക്കൊടുത്ത പരമയോഗ്യതയുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണെന്നോര്‍ക്കണം.
പാര്‍ട്ടിജനുസ്സില്‍ വാഴ്ത്തപ്പെട്ട പരമയോഗ്യന്മാരിലൊരാളാണല്ലോ അടര്‍ന്നുവീണ ചെന്താരകം സഖാവ് പി.കെ. കുഞ്ഞനന്തന്. ഒരു കമ്മീഷനെയും കോടതിയെയും വകവെക്കാത്ത പാര്‍ട്ടിയുടെ യോഗ്യതാമാനദണ്ഡം ഇനിയും മനസ്സിലാക്കാത്തതുകൊണ്ടാണ് നിഷ്കളങ്കരേ, നിങ്ങള്‍ പിണറായിക്കെതിരെ വിരല്‍ ചൂണ്ടുന്നത്. ഒന്നുകില്‍ അടങ്ങിയിരിക്കണം. അല്ലെങ്കില്‍ പാര്‍ട്ടി വക ചുക്കോ ചുണ്ണാമ്പോ എന്തെന്ന് പഠിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: