സത്യന് അന്തിക്കാട് അണിയിച്ചൊരുക്കിയ സന്ദേശം എന്ന ചിത്രത്തെക്കുറിച്ച് മൂന്നു ദശകം പൂര്‍ത്തിയാകുമ്പോഴും പ്രേക്ഷകര്‍ ആവേശത്തോടെ സംസാരിക്കുന്നത് ആ സിനിമ സൃഷ്ടിച്ച സ്വാധീനത്തിന് തെളിവാണ്. ദാദ സാഹേബ് ഫാല്‍ക്കെ ബഹുമതിയടക്കം മറ്റു പല അവാര്‍ഡുകളും സംഘടിപ്പിച്ച അടുര്‍ ഗോപാലകൃഷ്ണനു പോലും ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചിട്ടുണ്ടോ? സ്വയംവരവും വിധേയനും എലിപ്പത്തായവും അന്നും ഇന്നും ഉച്ചപ്പട വേദികളില്‍ നിന്നും ബുദ്ധിജീവി വൃത്തങ്ങളില്‍ നിന്നും മോചനം ലഭിച്ചിട്ടില്ലാത്ത ചരക്കുകളാണ്. ഗോപാലകൃഷ്ണന്റെ അലക്കിത്തേച്ച ഡിസൈനര്‍ കുര്ത്തകള്പോലെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും.
സ്വയംവരത്തില്‍ മധു, ശാരദ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് ചോദിച്ചാല്‍ ഗൗരമേറിയ ചലച്ചിത്ര ചിന്തകര്‍ കൂടി ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ സന്ദേശത്തിലെ കോട്ടപ്പിള്ളി പ്രഭാകരന് (ശ്രീനിവാസന്), കെ.ആര്.പി(ജയറാം),രാഘവന് നായര്‍ (തിലകന്) പൊതുവാള് (മാമുക്കോയ) കുമാരപിള്ള (ശങ്കരാടി) അച്യുതന് നായര്‍ (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്) ഇവരൊന്നും ഒരിക്കലും വിസ്മൃതിയില്‍ മുങ്ങിപ്പോകില്ല.
സന്ദേശം എന്ന സിനിമ സിപിഎം നേതൃത്വത്തിനും അണികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാലഹരണപ്പെടാതെ നിലനില്ക്കണമെങ്കില് സ്വയം മാറാനും, മാറിവരുന്ന ലോക വ്യവസ്ഥിതിയെ മനസ്സിലാക്കാനും സഖാക്കളെ ഓര്‍മിപ്പിച്ച വാക്കുകളായിരുന്നു തിരക്കഥ രചിച്ച ശ്രീനിവാസന്റേത്. മാര്‍ക്സിസ്റ്റുകള്‍ ഭയക്കുന്ന പ്രതിഭകളാണ് സത്യനും ശ്രീനിവാസനും.
ഇത്രയും എഴുതിയത് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിന്‍ കാണാനിടവന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗമാണ്. അമേരിക്ക, ജപ്പാന്, ആസ്ട്രേലിയ, ഭാരതം എന്നീ സാമ്രാജ്യത്വ ശക്തികള്‍ നിരപരാധികളും നിസ്സഹായരും നിഷ്കളങ്കരുമായ ചൈന എന്ന മധുര മനോജ്ഞ രാജ്യത്തെ വളഞ്ഞിട്ടു ആക്രമിക്കുകയാണ് എന്നായിരുന്നു ബാലകൃഷ്ണന്റെ പരാതി. ഭാരതം ഒരു സാമ്രാജ്യത്വ രാജ്യമാണ് ബാലകൃഷ്ണന്! ബാലകൃഷ്ണന്റെ മറ്റൊരു പ്രസംഗവും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഭാരതത്തിന് ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമാണത്രേ.
ചൈനീസ് ആക്രമണത്തെക്കുറിച്ചും ഭാരത സ്വാത്രന്ത്യത്തെക്കുറിച്ചും ബാലകൃഷ്ണന് ഉയര്‍ത്തിയിരിക്കുന്ന അവകാശങ്ങളും ആരോപണങ്ങളും നമുക്ക് ചിരിച്ചു തള്ളാമോ? മാര്‍ക്സിസ്റ്റു പാര്‍ട്ടി അണികള്‍ക്ക് ബാലകൃഷ്ണനും പിണറായി വിജയനും പറയുന്നതാണ് വേദ വാക്യം. ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നത് കമ്യൂണിസ്റ്റുകള്‍ ആണെന്ന് ബാലകൃഷ്ണന് പറയുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ സംഭാവന എന്താണെന്ന് ചോദിക്കാനുള്ള വിവരം അണികള്‍ക്കില്ല. മഹാഭാരതം രചിച്ചത് സുനില്‍ പി. ഇളയിടമാണെന്ന് വരുത്താനുള്ള ശ്രമത്തിലാണല്ലോ അവര്‍.
1962 ല്‍ ഭാരതത്തെ ചൈന ആക്രമിച്ചപ്പോള്‍ നടന്ന ഒരു സംഭവം ബാലകൃഷ്ണനും മറ്റും ഓര്‍മ്മയുണ്ടോ എന്തോ? ചൈനയുടെ ആക്രമണം തുടങ്ങിയ ഉടനെ അന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്ന മലയാറ്റുര്‍ രാമകൃഷ്ണനെ രായ്ക്കുരാമാനം തിരുവനന്തപുരത്തെ ആരോഗ്യ-തൊഴില്‍ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആയി മാറ്റി നിയമിച്ചു; ഒരു മുന്നറിയിപ്പും ഇല്ലാതെ. കോഴിക്കോട് ജില്ലാ കളക്ടര്‍ ആയി രാമകൃഷ്ണന് നിയമിതനായിട്ട് ഏഴു മാസം മാത്രമേ ആയിരുന്നുള്ളൂ. ആത്മകഥയായ ‘സര്‍വീസ് സ്റ്റോറി-എന്റെ ഐഎഎസ് ദിനങ്ങള്‍’ എന്ന പുസ്തകത്തില്‍ രാമകൃഷ്ണന് ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന പി. ടി. ചാക്കോ ആണത്രേ രാമകൃഷ്ണനെ മാറ്റാനുള്ള തീരുമാനം എടുത്തത്. ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികന് ആയിരുന്ന മലയാറ്റുര്‍ രാമകൃഷ്ണന്, ചൈനീസ് ആക്രമണം നടക്കുമ്പോള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കുന്നത് സുരക്ഷാ ഭീഷണി ആണെന്ന് ചാക്കോ ഫയലില്‍ എഴുതി ചേര്‍ത്തു. ഈ വിവരം മലയാറ്റൂരിനോട് പറഞ്ഞതോ? അന്നത്തെ കേരള ഗവര്‍ണര്‍ വി.വി.ഗിരിയും.
ഐഎഎസില്‍ ഉദ്യോഗം ലഭിക്കുന്നതിന് മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ രാമകൃഷ്ണന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ചാക്കോയ്ക്ക് അലോസരമായത്. ഇന്നും ബാലകൃഷ്ണനും മറ്റു സഖാക്കളും ഭാരതത്തെ ആക്രമിക്കുന്ന ചൈനയെ പൂവിട്ടു പൂജിക്കുകയാണല്ലോ.
കുമാര്‍ ചെല്ലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: