കൊച്ചി: മാപ്പിള ലഹളയെ പിന്തുണച്ചും ഹിന്ദു കൂട്ടക്കൊലകളെയും മതപരിവര്‍ത്തനങ്ങളെയും ന്യായീകരിച്ചും സിപിഎം. ലഹളയ്‌ക്കിടെ അരങ്ങേറിയ വര്‍ഗീയ സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും ഇതിന്റെ പേരില്‍ കര്‍ഷക സമരത്തെ വര്‍ഗീയലഹളയായി തരംതാഴ്‌ത്തരുതെന്നും പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഹിന്ദു കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദിനെ വീരനായകനാക്കി ഇടത്-ഇസ്ലാമിസ്റ്റ് സഹയാത്രികനായ ആഷിഖ് അബു പുറത്തിറക്കുന്ന സിനിമയെ പിന്തുണച്ച് എഴുതിയ ലേഖനത്തില്‍ ഇഎംഎസ്സിനെ പരാമര്‍ശിച്ചാണ് കോടിയേരി ജിഹാദി ഭ്രാന്തിനെ ന്യായീകരിച്ചത്.
”മലബാര്‍ കലാപം സ്വാതന്ത്ര്യസമരമോ ഹിന്ദുവിരുദ്ധ വര്‍ഗീയ ലഹളയോ എന്നതാണ് ഉത്തരം തേടേണ്ട ആദ്യത്തെ വിഷയം. മലബാര്‍ കലാപത്തിന്റെ മുഖ്യഘടകം അത് ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ കര്‍ഷകമുന്നേറ്റമായിരുന്നു എന്നതാണ്. അവസാനഘട്ടത്തില്‍ കലാപം ഹിന്ദു-മുസ്ലിം ശത്രുതയുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ഇതുകൊണ്ടാണ് ‘ആഹ്വാനവും താക്കീതും’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ ഇഎംഎസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. കര്‍ഷകമുന്നേറ്റമാണെന്നും അവസാനം വര്‍ഗീയകലാപത്തിന്റെ സ്വഭാവത്തിലേക്ക് വഴുതിവീണെന്നുമുള്ള വിലയിരുത്തല്‍ ഇഎംഎസ് നടത്തി. ആദ്യ കോണ്‍ഗ്രസ് നേതാവും പിന്നീട് കമ്യൂണിസ്റ്റുമായ ഇഎംഎസാണ് ഈ വാദമുഖം കൂടുതല്‍ ശക്തിയായി അവതരിപ്പിച്ചത്. അതിനുവേണ്ടി മാപ്പിളമാര്‍ ഹിന്ദുക്കളെ ആക്രമിച്ചതായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും അതിന്റെ സ്വഭാവവുംവരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രദ്ധാപൂര്‍വം അപഗ്രഥിച്ചാല്‍ കുറ്റകൃത്യങ്ങളില്‍ 80 ശതമാനവും മാപ്പിള കുടിയാന്മാര്‍ ഹിന്ദു ജന്മിമാര്‍ക്കോ അവരുടെ സേവകര്‍ക്കോ പൊലീസ് സംഘത്തിനോ എതിരായി നടത്തിയതാണ്. ജന്മിമാരില്‍ ബഹുഭൂരിപക്ഷവും നമ്പൂതിരിമാരും രാജകുടുംബത്തില്‍പെട്ടവരും ആയ ഹിന്ദുക്കളായിരുന്നു. കുടിയാന്മാരാകട്ടെ മാപ്പിളമാരും. വര്‍ഗീയ സംഭവങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് ചില മതഭ്രാന്തന്മാര്‍ ചെയ്തുകൂട്ടിയത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ മഹത്തായ കര്‍ഷകസമരത്തെ വര്‍ഗീയലഹളയായി തരംതാഴ്‌ത്തരുത് എന്ന നിലപാടാണ് ഇഎംഎസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചത്. ‘സിനിമയിലും വിഷം കലര്‍ത്തരുത്’ എന്ന ലേഖനം വിശദീകരിക്കുന്നു.
മുസ്ലിം വര്‍ഗീയ ആക്രമണം നടന്നതായി സമ്മതിക്കുമ്പോള്‍ തന്നെ ഇസ്ലാമിസ്റ്റുകളുടെ വോട്ടിനായി സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് സിപിഎം. മാപ്പിള കലാപകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് ഇഎംഎസ് കഴിഞ്ഞിരുന്നത്. ഇഎംഎസ്സിന്റെ ആത്മകഥയിലും അദ്ദേഹം രചിച്ച ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര’ത്തിലും സമരം ഹിന്ദു വിരുദ്ധമാണെന്ന് വിശദീകരിച്ചിട്ടുണ്ട്.
സമരം ഹിന്ദു വിരുദ്ധമായി മാറി, ഇഎംഎസ് പറഞ്ഞു
”പ്രസ്ഥാനം പുരോഗമിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനൊരു മുസ്ലിം ഛായ പകര്‍ന്നു കിട്ടാന്‍ തുടങ്ങി. രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേറെ മതത്തിനും ദൈവത്തിനും വേണ്ടി പോരാടുകയെന്ന ചിന്ത പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ വളര്‍ന്നു വന്നു. ഇതോടൊപ്പം തങ്ങളുടെ നേതാക്കളായി കരുതപ്പെട്ടിരുന്ന മതമേധാവികളുടെ പ്രചാരവേലയ്‌ക്ക് സദാ വിധേയരായിരിക്കുന്ന മുസ്ലീം ബഹുജനങ്ങള്‍, ബ്രിട്ടീഷ് അധികാരികളുടെ ചേരിയില്‍ നിന്നു കൊണ്ട് തങ്ങളെ ദ്രോഹിക്കുന്ന പ്രമാണിമാരില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് കാണുക കൂടി ചെയ്തപ്പോള്‍ അവരുടെ മതപരമായ വികാരങ്ങള്‍ ഇളകിവശായി. അതിന്നവര്‍ അടിമപ്പെട്ടു. ബ്രിട്ടീഷ് അധികാരികള്‍ക്കും ജന്മികള്‍ക്കുമെതിരായി തുടങ്ങി വെച്ച അവരുടെ സമരം ക്രമേണ ഹിന്ദു വിരുദ്ധമായി മാറി”.
(ഇന്ത്യന്‍ സ്വാതന്ത്യ സമരചരിത്രം. പേജ് 345)
”ഷൊര്‍ണ്ണൂരില്‍ നിന്ന് വണ്ടി കയറി തൃശൂര്‍ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തി. അവിടെ നിന്ന് കുതിരവണ്ടിക്ക് എട്ടു പത്തു മൈല്‍ ദൂരത്തുള്ള വെള്ളാങ്ങല്ലൂരുള്ള ബന്ധു ഗൃഹത്തിലെത്തി. അന്നുമുതല്‍ അഞ്ചു മാസത്തോളം അവിടെയാണ് കഴിച്ചു കൂട്ടിയത്. അവിടെ താമസിക്കുന്ന കാലത്ത് ലഹളക്കാരുടെ അകമങ്ങളെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും കേട്ടും പത്രങ്ങള്‍ വായിച്ചും മനസ്സിലാക്കി. എന്തൊക്കെ പറഞ്ഞാലും മാപ്പിളമാരെ വിശ്വസിച്ചു കൂടാ എന്ന ചിന്താഗതിയാണ് അതിലെല്ലാം അടങ്ങിയിരുന്നത്. ഗാന്ധിക്കും കോണ്‍ഗ്രസിനും നിസഹകരണ പ്രസ്ഥാനത്തിനുമെല്ലാമെതിരായ ചിന്താഗതിയായും ഇത് രൂപം പ്രാപിച്ചിരുന്നു. ഇതിന്റെയെല്ലാം അല എന്റെ മനസ്സിലും നേരിയ തോതില്‍ അടച്ചിരുന്നു. അഞ്ചാറു മാസങ്ങള്‍ക്കു ശേഷം വീണ്ടും ഏലങ്കുളത്തേക്കു തന്നെ തിരിച്ചു വന്നു. ഞങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടില്‍ നടന്ന സംഭവങ്ങളെപ്പറ്റി അനുഭവസ്ഥന്മാര്‍ പറഞ്ഞു കേട്ടപ്പോള്‍ എന്റെ ആശയക്കുഴപ്പം വര്‍ധിച്ചുവെന്ന് ഇവിടെത്തന്നെ പറഞ്ഞുവെക്കട്ടെ”.
(ആത്മകഥ, പേജ് 45)
പ്രതികരിക്കാൻ ഇവിടെ എഴുതുക: