തിരുവനന്തപുരം: ലിഫ്റ്റുകള്‍ വഴി കോവിഡ് പകരുന്നത് ഒഴിവാക്കാന്‍ കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതിഭവനില്‍ നവീന സംവിധാനം. ലിഫ്റ്റിനുള്ളില്‍ കൈ ഉപയോഗിക്കാതെ കാലുപയോഗിച്ച് സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും അതുവഴി ലിഫ്റ്റ് നിയന്ത്രിക്കാനും സാധിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. കെഎസ്ഇബി ചെയര്മാന് മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്. പിള്ള പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു.
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറായ കെ.സി. ബൈജുവാണ് ഫുട്ട് ഓപ്പറേറ്റര്‍ ലിഫ്റ്റ് കണ്ട്രോള് സ്വിച്ച് രൂപകല്പന ചെയ്ത് പ്രാവര്‍ത്തികമാക്കിയത്. ലിഫ്റ്റിന്റെ നിലവിലുള്ള രൂപകല്പനയില് യാതൊരു മാറ്റവും വരുത്താതെ ഒട്ടിച്ചു ചേര്‍ക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനത്തിന്റെ രൂപകല്‍പ്പന. വ്യത്യസ്ത നിലകളിലേയ്ക്ക് പോകുന്നതിനായി കൈയ്യുപയോഗിക്കുന്നതിനു പകരം പാദങ്ങളുപയോഗിച്ച് സ്വിച്ച് പ്രവര്‍ത്തിപ്പിക്കാനും പോകേണ്ട നിലകളില്‍ എത്താനും സാധിക്കും.
ലിഫ്റ്റിന്റെ തറയില്‍ ഉറപ്പിച്ച പ്രത്യേക കീബോര്‍ഡില്‍ ആവശ്യമുള്ള നിലയുടെ ബട്ടണ്‍ കാലുപയോഗിച്ച് അമര്‍ത്തുമ്പോള്‍ ലിഫ്റ്റിന്റെ നിലവിലുള്ള സ്വിച്ച് അമര്‍ന്ന് മെക്കാനിക്കല്‍ രീതിയിലാണ് പ്രവര്‍ത്തനം നടക്കുന്നത്. ഇലക്ട്രിക്കല്‍ ഭാഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ലിഫ്റ്റിന്റെ തറ നനഞ്ഞാലോ കഴുകിയാലോ പ്രശ്നം ഉണ്ടാകില്ല. ഏകദേശം ആയിരം രൂപ മാത്രമാണ് ചെലവ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: