തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ന് രാവിലെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഗതാഗത വകുപ്പിന് കൈമാറിയത്. ഇതില്‍ അന്തിമ തീരുമാനം ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കൈക്കൊള്ളും. കൊറോണ കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് കമ്മീഷന് സര്‍ക്കാരിന് കൈമാറിയത്. അതിനുശേഷം ചാര്‍ജ് നിരക്ക് കുറയ്ക്കാം. നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം ബസ്സുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇത് കണക്കിലെടുത്താണ് കമ്മിഷന് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
മിനിമം ചാര്‍ജ് എട്ടില്‍ നിന്നും പത്ത് രൂപയാക്കുന്നത് കുടാതെ ഇതിന് പിന്നാലെ ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18, 20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നേരത്തെ 50 ശതമാനം ചാര്‍ജ് വര്‍ധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇടക്കാല റിപ്പോര്‍ട്ടാണ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: