യോഗാത്മകതയുടെ മണിവീണയാണ് സംഗീതം. അധ്യാത്മ ശാസ്ത്രമായി സംഗീതം സാക്ഷാത്ക്കരിച്ചവരാണ് യുവഗായകര്‍. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ഗന്ധര്‍വനായ താന്സെന് കാലങ്ങളില്‍ നാദയോഗിയുടെ പരിവേഷമണിയുന്നു. ചരിത്രത്തിനപ്പുറം കഥകളും ഐതിഹ്യങ്ങളും ആ ജീവിതസഞ്ചാരത്തിന്റെ ഭാവാത്മക രൂപം വരയ്ക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ ദര്‍ബാറിലെ ‘നവരത്ന’ത്തില്‍ പ്രമുഖസ്ഥാനീയനായിരുന്നു ടാന്സെന്. 1588 ല്‍ ഗ്വാളിയറിനടുത്തുള്ള ബേഹത് ഗ്രാമത്തിലാണ് ജനനം. മാതാപിതാക്കളായ ലക്ഷ്മിയും മകരന്ദ് പാണ്ഡേയും
പുത്രന് തനു-ഭാനു എന്ന് നാമമോതി. വൃന്ദാവന വിലോചനനായ സ്വാമി ഹരിദാസിന്റെ ശിക്ഷണം സംഗീതശാസ്ത്രത്തിന്റെ ആഴപ്പരപ്പുകളിലേക്ക് തനുവിനെ നയിച്ചു. ഗുരു മുഹമ്മദ് ഘൗസ് എന്ന യതിവര്യന്റെ ആഗ്രഹലബ്ധിയും തനുവിന് വളര്‍ച്ചയുടെ പടി കയറാന്‍ സഹായകമായി. താന്‍സെന്റെ സംഗീതസദിരുകള്‍ ജാതിമതാതീതമായ സാമൂഹിക സമത്വത്തിന്റെയും മനുഷ്യ നന്മയുടെയും രാഗവൈഭവങ്ങളായി പൂത്തുലഞ്ഞു.
മുമ്പ് ദൗലത്ഖാന്റെയും രാജാരാമചന്ദ്രന്റെയും ദര്‍ബാറുകളില്‍ അലൗകികമായ സംഗീതോപാസനകൊണ്ട് നേടിയ അഭ്യാസ സിദ്ധിയുമായാണ് 1619 ല്‍ അക്ബറിന്റെ പ്രശസ്തമായ ദര്‍ബാറിലേക്ക് അപൂര്‍വമായ ഒരു രാഗതരംഗം പോലെ അനശ്വരനായ താന്സെന് എത്തിച്ചേരുന്നത്. ‘നവരത്ന’ത്തിളക്കത്തില്‍ മാറ്റേറുന്ന മഹാഗായകന്, ആനന്ദവിഭൂതിയുണര്ത്തുന്ന രാഗങ്ങളും രത്നവിഭൂഷിതമായ രചനകളുമായി സാമ്രാജ്യത്തിന്റെ അഭിമാന സന്താനമായി. ‘മിയാകി മല്‍ഹാര്‍’, ‘മിയാ കി തോടി’, ‘ദര്‍ബാറി കാനഡാ’എന്നീ രാഗരേണുക്കള്‍ ആ ഗായകഹൃദയത്തില് നിന്നാണ് ഉണര്‍ന്നുയര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇസ്ലാംധര്മത്തിലേക്ക് ആകര്ഷിക്കപ്പെട്ടുവെങ്കിലും താന്സെന് ഒടുക്കം മുഗള്‍ ദര്‍ബാറിനോട് വിടപറഞ്ഞു. ശ്രീനാഥ് ജി ക്ഷേത്രത്തില്‍ പാടിയാടുക ആ നാദയോഗിയുടെ ആത്മസാഫല്യമായിരുന്നു. നിംബാര്‍ക്ക, സഖീ സമ്പ്രദായങ്ങളുടെ പ്രചാരകദൗത്യം നിറവേറ്റാന്‍ പ്രതിജ്ഞാ ബദ്ധനായിരുന്നു ടാന്സെന്. വല്ലഭസമ്പ്രദായത്തിലും ഗുരു ആത്മസമര്‍പ്പണം നടത്തി
യിരുന്നു. വ്രജഭാഷയില്‍ എഴുതിയ ‘സംഗീത്സാഗര്’, ‘രാഗ്മാല’, ‘ശ്രീ ഗണേശസ്തോത്രം’ എന്നീ കൃതികള്‍ താന്‍സെന്റെ യൗഗികമായ പ്രതിഭാനേത്രം അനാവരണം ചെയ്യുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായി മാറിയ ആ ഗാനഗന്ധര്വന് 1646 ലാണ് നാദാത്മകനില്‍ വിലയം പ്രാപിക്കുന്നത്. ഗ്വാളിയറിലുള്ള ഗുരുസമാധി സ്മാരകോദ്യാനത്തില് ഇന്നും ആരാധനയുടെ വെണ്പൂക്കള് വിരിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: