കൊച്ചി: സിപിഎം അനുയായി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന് സിനിമയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ്ലിം ധ്രുവീകരണം. ഇടത്-ഇസ്ലാമിസ്റ്റ് സഖ്യം പുറത്തിറക്കുന്ന സിനിമയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ കോണ്‍ഗ്രസ് തന്ത്രപരമായ മൗനത്തില്‍. അതേസമയം സിനിമയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. ഇതിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നിരിക്കെ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതധ്രുവീകരണം ഉറപ്പാക്കുകയാണ് തിരക്കിട്ട പ്രഖ്യാപനത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്.
ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സിനിമാ പ്രഖ്യാപനമെന്ന് വ്യക്തം. കൊറോണക്കാലത്തെ പ്രതിസന്ധിയില്‍ സിനിമാ ലോകം സ്തംഭിച്ചിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച വന്‍ പ്രോജക്ടുകള്‍ പോലും ചിത്രീകരണം പൂര്‍ത്തിയാക്കാനാകാതെ അനിശ്ചിതാവസ്ഥയിലാണ്. പുതിയ സിനിമകളുടെ പ്രഖ്യാപനവും ഇപ്പോഴില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആഷിഖ് അബുവിന്റെ പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
ഇസ്ലാമിസ്റ്റുകളുടെ ഐക്കണാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്. ആഷിഖ് അബുവിന്റെ സിനിമയ്ക്ക് രചന നിര്‍വഹിക്കുന്ന റമീസ് താലിബാന് തീവ്രവാദികളെപ്പോലും പിന്തുണച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടുകാരനാണ്. ഇത് സംബന്ധിച്ച ഇയാളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജിനെ കുഞ്ഞഹമ്മദായി ചിത്രീകരിച്ചിറക്കിയ പോസ്റ്റര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കാലങ്ങളായി അവതരിപ്പിക്കുന്ന കുഞ്ഞഹമ്മദിന്റെ പകര്‍പ്പാണ്. യുഡിഎഫിന്റെ ഇസ്ലാമിസ്റ്റ് സഖ്യത്തെ മറികടന്ന് മുസ്ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാനാണ് സിപിഎം ശ്രമം. മറുവശത്ത്, ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം ഒഴിവാക്കുകയാണ്. നേരത്തെ കുഞ്ഞഹമ്മദിന്റെ 99-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് മലപ്പുറത്ത് ആചരിച്ചിരുന്നു. കെ.മുരളീധരന് എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിനിമയെ പിന്തുണച്ച് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പാര്‍ട്ടി പത്രത്തില്‍ ഇന്നലെ ലേഖനമെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: